Featured Good News

പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍; ആത്മഹത്യക്കൊരുങ്ങിയ യുവാവിന് പുതുജന്മം

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.

യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം സുഹൃത്താണ് ബുധനാഴ്ച രാത്രി തലപ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചറിയിച്ചത്. തലപ്പുഴ പോലീസ് വിവരം ഉടന്‍ തന്നെ മാനന്തവാടി പോലീസിലെ ജി.ഡി. ചാര്‍ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: റോയ്‌സണ്‍ ജോസഫിന് കൈമാറി.

തുടര്‍ന്ന് നൈറ്റ് പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ: അജേഷ് കുമാര്‍, സി.പി.ഒമാരായ ബിനു, രമേശന്‍ എന്നിവരടങ്ങിയ സംഘം മാനന്തവാടിയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ എരുമത്തെരുവിലെ ലോഡ്ജില്‍ ഒരാള്‍ വിളിച്ചിട്ട് വാതില്‍ തുറക്കുന്നില്ല എന്നറിയാന്‍ കഴിഞ്ഞു. രാത്രി ഒന്നോടെ പോലീസ് വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി ബോധരഹിതനായ നിലയില്‍ കണ്ട യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടലാണ് ഇയാളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല…. അതിജീവിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056 )