ഐസിസി ടി20 ലോകകപ്പിൽ വ്യാഴാഴ്ച ഡൽഹിയിൽ നമീബിയക്കെതിരെ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ വയറിലെ അണുബാധ കാരണം ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, അഭിഷേക് ഇന്ത്യൻ ടീമിനൊപ്പം മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി കൊളംബോയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അഭിഷേക് കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഞായറാഴ്ച നടക്കുന്ന ഹൈവോൾട്ടേജ് പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. പിടിഐ റിപ്പോർട്ട് അനുസരിച്ച്, അസുഖം ഭേദമായാല്‍ മാത്രമായിരിക്കും പാകിസ്ഥാനെതിരായ മത്സരത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ശനിയാഴ്ച വൈകുന്നേരം കൊളംബോയിൽ നടക്കുന്ന പരിശീലന സെഷനിൽ അഭിഷേകിന്റെ ഫിറ്റ്‌നസ് സൂക്ഷ്മമായി നിരീക്ഷിക്കും.
എന്നാല്‍ അസുഖ ബാധിതനായ അഭിഷേക് പൂർണ ആരോഗ്യവാനായി തിരിച്ചുവന്നിരിക്കുന്നു എന്ന് സ്പോർട്സ് ജേണലിസ്റ്റായ രോഹിത് ജുഗ്ലന് പറയുന്നു. അഭിഷേക് കളിക്കുമെങ്കിൽ പാകിസ്ഥാനെതിരെ സഞ്ജു സാംസൺ കളത്തിലിറങ്ങാൻ സാധ്യതയില്ല. മാത്രമല്ല, അർഷദീപ് സിങ്ങിന് പകരം കുൽദീപ് യാദവിനെ ഇന്ത്യ കളത്തിൽ ഇറക്കിയേക്കും എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
പ്രേമദാസയിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായതുകൊണ്ടുതന്നെ ഒരു എക്സ്ട്രാ സ്പിന്നറെ കളിപ്പിക്കാൻ സാധ്യത കൂടുതലാണ്. മാത്രമല്ല, ഫിനിഷർ റോളിൽ അത്ര വിജയം അല്ലാത്ത റിങ്കു സിങ്ങിനെ മാറ്റി വാഷിങ്ടൺ സുന്ദറിനെ കളിപ്പിക്കാനും സാധ്യതയുണ്ട്. അത് ഇന്ത്യയ്ക്ക് മറ്റൊരു സ്പിൻ ഓപ്ഷൻ നൽകുകയും പാകിസ്ഥാനെതിരെ മേൽക്കെ നേടാൻ സഹായകമാവുകയും ചെയ്യും. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നീ സ്പിൻ തുറുപ്പു ചീട്ടുകളെ മുൻനിർത്തിയാകും ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുക എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ഇതുവരെ എട്ട് തവണ ഇരുവരും ടി20 ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഏഴിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
അഭിഷേകിന്റെ അഭാവത്തിൽ നമീബിയക്കെതിരെ സഞ്ജു സാംസണാണ് ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തത്. 8 പന്തിൽ നിന്ന് 22 റൺസ് സഞ്ജു നേടിയിരുന്നു. അഭിഷേക് എത്തിയില്ലെങ്കിൽ ഓപ്പണർ സ്ഥാനത്ത് സഞ്ജു തന്നെ തുടരാനാണ് സാധ്യത. അതല്ലെങ്കിൽ വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി ഇറക്കി സ്പിൻ ബോളിംഗിന് കൂടുതൽ കരുത്ത് പകരാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി
ഞായറാഴ്ച ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് കനത്ത മഴ ഭീഷണിയുണ്ട്. ഫെബ്രുവരി 15-ഓടെ ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അക്യുവെതറിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച കൊളംബോയിൽ 93 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ലാത്തതിനാൽ മഴ കാരണം കളി തടസ്സപ്പെട്ടാൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടേണ്ടി വരും.




