ഗുവാഹത്തി: ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടി20യില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്കായി നാണം കെട്ടു. മാറ്റ് ഹെന്‍ട്രിയെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ സഞ്ജുവിന്റെ കുറ്റി തെറിച്ചു. ഈ പുറത്താവലോടെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യന്‍ ടി20യുടെ ചരിത്രത്തില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ പുറത്തായ നാലാമത്തെ താരമായി സഞ്ജു മാറി .
ആദ്യ രണ്ടു മത്സരങ്ങളിൽ 10, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കായിരുന്നു. എന്നാൽ തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോൾഡൻ ഡക്കായി പുറത്തായത്.
ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ന്യൂസീലൻഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയർന്നു തുടങ്ങി.
സഞ്ജു ബെഞ്ചിലിരിക്കുമെന്ന വിലയിരുത്തലുകളുടെ പിന്നാലെ മത്സരത്തിനു മുമ്പ് സഞ്ജുവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ എത്തിയിരുന്നു. ”സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സമയമായിട്ടില്ല. സഞ്ജു നന്നായി കളിച്ചാല്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ഇഷാന്‍ കളിക്കുമ്പോള്‍ അദ്ദേഹത്തെ കളിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കസ് ഇന്ത്യ അവസാനിപ്പിച്ചില്ലെങ്കില്‍ അവസാനം എന്തായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡ്രസിംഗ് റൂമിന് ഇത് ഒട്ടും അനുയോജ്യമല്ല” എന്നാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
സഞ്ജുവിന്റെ പരാജയത്തിന് കാരണം ശുഭ്മാന്‍ ഗില്ലാണെന്ന തരത്തിലുള്ള വിലയിരുത്തലുകളുണ്ട്. ഗില്ലിന് വേണ്ടി സഞ്ജുവിനെ ഓപ്പണിങില്‍ തട്ടികളിച്ചതാണ് പ്രകടനം മോശമാകാന്‍ കാരണമെന്ന് മഹി പട്ടേല്‍ എന്ന എക്സ് അക്കൗണ്ട് എഴുതി. ”സഞ്ജു ഓപ്പണിങ് കളിച്ച ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ സെഞ്ചറി നേടി. ഇവ ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുമായിരുന്നു. തുടര്‍ന്നു വന്ന ഇംഗ്ലണ്ട് സീരിസില്‍ പരുക്കേറ്റ് സഞ്ജു കളിച്ചില്ല. പരുക്കിന് ശേഷം ഏഷ്യകപ്പിലെത്തിയപ്പോള്‍ ഓപ്പണിങിന് പകരം മധ്യനിരയിലാണ് സഞ്ജുവിന് സ്ഥാനം നല്‍കിയത്. ഇത് സഞ്ജുവിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു”.
രൂക്ഷവിമര്‍ശനം
ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായതോടെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമാണ് സഞ്ജു സാംസണ്‍ നേരിടുന്നത്.
‘‘സഞ്ജു സാംസണിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി അദ്ദേഹത്തെ വാട്ടര്‍ ബോയ് ആയി കാണാം. ഇതിലും ഭേദം ശുഭ്മന്‍ ഗില്ലാണ്. 20-30 റണ്‍സെങ്കിലും അദ്ദേഹത്തില്‍ നിന്നും സംഭാവന ലഭിച്ചേനെ.’’
‘‘ഇഷാന്‍ കിഷനെ കണ്ടു പഠിക്കുകയാണ് സഞ്ജു സാംസണ്‍ ചെയ്യേണ്ടത്. ബാക്കപ്പ് കീപ്പറായി ടീമിലെത്തിയിട്ട് പോലും കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എത്ര മികച്ച രീതിയിലാണ് അദ്ദേഹം മുതലാക്കിയത്. ഇതോടെ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും ഓപ്പണറുമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്’’- എന്നിങ്ങനെയാണ് വിവിധ പ്രതികരണങ്ങള്‍.




