ട്രെയിനിനുള്ളിലെ അപ്പർ ബർത്ത് താൽക്കാലിക ക്ഷേത്രമാക്കി മാറ്റി പൂജ നടത്തുന്ന യാത്രക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭാരത് ഗൗരവ് എന്ന ടൂറിസ്റ്റ് ട്രെയിനിലാണ് ഈ സംഭവം നടന്നത്. ട്രെയിൻ കമ്പാർട്ടുമെന്റിലെ ഒരു അപ്പർ ബർത്തിൽ ദൈവങ്ങളുടെ വിഗ്രഹങ്ങളും പൂമാലകളും സ്ഥാപിച്ച് ഭക്തിഗാനങ്ങൾ പാടിയും ആരതി ഉഴിഞ്ഞും ഒരു സംഘം യാത്രക്കാർ ആരാധന നടത്തുന്നതാണ് വീഡിയോയിലുള്ളത്.
തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന ട്രെയിൻ ആയതുകൊണ്ട് തന്നെ ഇത്തരം പ്രവർത്തികളിൽ തെറ്റില്ലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണിതെന്നാണ് ഇവരുടെ പക്ഷം. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്. ട്രെയിൻ പോലെയുള്ള ഒരു പൊതുഗതാഗത സംവിധാനത്തിൽ ഇത്തരം മതപരമായ ചടങ്ങുകൾ നടത്തുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസത്തിനപ്പുറം യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചും പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇടുങ്ങിയ പാതകളിൽ ആളുകൾ കൂട്ടം കൂടുന്നതും ബർത്തിൽ അലങ്കാരങ്ങൾ നടത്തുന്നതും അപകടങ്ങൾക്കോ മറ്റ് തടസ്സങ്ങൾക്കോ കാരണമായേക്കാം. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും റെയിൽവേ നിയമങ്ങളെക്കുറിച്ചും വലിയ തർക്കങ്ങൾക്കാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്. വിശ്വാസത്തെ മാനിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.




