Health

ദഹനവും ഉറക്കവും തമ്മില്‍ എന്താണ് ബന്ധം? കാര്യമുണ്ടെന്ന് വിദഗ്ധർ

നമ്മുടെ ആരോഗ്യത്തിന്റെ രണ്ട് വ്യത്യസ്ത വശങ്ങളായിട്ടാണ് ഉറക്കത്തെയും ദഹനത്തെയും സാധാരണയായി കണക്കാക്കാറുള്ളത്. എന്നാൽ ഇവ രണ്ടും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്ക രീതികളും ദഹനപ്രക്രിയയും തമ്മിലുള്ള ഈ അഭേദ്യമായ ബന്ധത്തെ വിദഗ്ധർ ‘ഗട്ട്-സ്ലീപ്പ് ആക്സിസ്’ (Gut–Sleep Axis) എന്നാണ് വിശേഷിപ്പിക്കുന്നത്. ബിഡിആർ ഫാർമസ്യൂട്ടിക്കൽസിലെ ടെക്നിക്കൽ ഡയറക്ടർ ഡോ. അരവിന്ദ് ബഡിഗർ പറയുന്നത് പ്രകാരം, ഉറക്കത്തിന്റെ ഗുണനിലവാരവും കുടലിന്റെ ആരോഗ്യവും നിരന്തരം പരസ്പരം സ്വാധീനിക്കുന്നുണ്ട്.

ഉറക്കശീലങ്ങൾ ദഹനത്തെ ബാധിക്കുമ്പോൾ, ദഹനപ്രശ്നങ്ങൾ തിരിച്ച് ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു. ഉറക്കത്തിനിടയിലാണ് ശരീരം ഉപാപചയ പ്രവർത്തനങ്ങളെയും (Metabolism) ഹോർമോണുകളെയും രോഗപ്രതിരോധ ശേഷിയെയും ക്രമീകരിക്കുന്നത്. ഇത് ദഹനവ്യവസ്ഥയെ കാര്യക്ഷമമായി പ്രവർത്തിക്കാനും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും, ഇത് അമിതമായ മധുരത്തോടും കൊഴുപ്പുള്ള ഭക്ഷണത്തോടും താല്പര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

നമ്മുടെ ദഹനവ്യവസ്ഥയിലുള്ള കോടിക്കണക്കിന് സൂക്ഷ്മാണുക്കൾ അഥവാ ‘ഗട്ട് മൈക്രോബയോം’ ഉറക്കവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കത്തിന്റെ താളം തെറ്റുമ്പോൾ ഈ ഗുണകാരികളായ ബാക്ടീരിയകളുടെ അളവിൽ മാറ്റം വരികയും അത് വീക്കത്തിനും മറ്റ് ദഹന അസ്വസ്ഥതകൾക്കും കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ആസിഡ് റിഫ്ലക്സ് ഇറിറ്റബിൾ ബവൽ സിൻഡ്രോംതുടങ്ങിയ പ്രശ്നങ്ങളുള്ളവർക്ക് ശരിയായ ഉറക്കം ലഭിക്കാറില്ല. ഉറക്കത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കുന്ന ‘സെറോടോണിൻ’ എന്ന ഹോർമോണിന്റെ 80 മുതൽ 90 ശതമാനം വരെ ഉത്പാദിപ്പിക്കപ്പെടുന്നത് കുടലിലാണെന്നത് ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഉറക്കവും ദഹനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ ഉറക്കസമയം പാലിക്കാനും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങളും കനത്ത ഭക്ഷണങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ നിർദേശിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണം, പുളിപ്പിച്ച ഭക്ഷണങ്ങൾ , ധാരാളം വെള്ളം കുടിക്കൽ എന്നിവയോടൊപ്പം പതിവായുള്ള വ്യായാമം കൂടിയുണ്ടെങ്കിൽ ഉറക്കവും ദഹനവും ഒരുപോലെ മെച്ചപ്പെടുത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *