മധ്യപ്രദേശിലെ ഛത്തർപൂരിൽ മദ്യപിച്ചെത്തി ഉപദ്രവിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തല്ലിക്കൊന്നു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം എട്ട് മണിക്കൂറോളം മൃതദേഹത്തിന് സമീപം ഇരുന്ന ഭാര്യ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഭർത്താവുമായി അകന്ന് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു ഭാര്യ നീലം കുശ്വാഹ. ഇവരെ കാണാനാണ് ഭർത്താവ് ദീൻദയാൽ എത്തിയത്. മദ്യപിച്ചെത്തിയ ഇയാൾ നീലവുമായി വഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ നീലം വടികൊണ്ട് അടിച്ച് ദീൻദയാലിനെ കൊലപ്പെടുത്തുകയുമായിരുന്നു. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ ഇയാൾ കുഞ്ഞിനെ എടുത്ത് തലകീഴായി പിടിച്ചെന്നും, ഇതിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാനാണ് താൻ ഭർത്താവിനെ മർദ്ദിച്ചതെന്നുമാണ് നീലം പറയുന്നത്.
കുഞ്ഞിനെ ഇയാൾ നിലത്തെറിയുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. വടികൊണ്ടുള്ള ആദ്യ അടിയിൽ തന്നെ സോഫയിലേക്ക് വീണ ദീൻദയാലിനെ നീലം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷവും എട്ട് മണിക്കൂറോളം നീലം മൃതദേഹത്തിനടുത്ത് തന്നെ ഇരുന്നു.
പിന്നീട് വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തി ദൈവത്തിന് മുന്നിൽ പത്ത് മിനിറ്റോളം പ്രാർത്ഥിച്ചു. ചെയ്ത തെറ്റിന് ദൈവത്തോട് മാപ്പ് ചോദിച്ച ശേഷമാണ് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചതെന്ന് നീലം പൊലീസിനോട് പറഞ്ഞു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയും നീലത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സിവിൽ ലൈൻസ് പൊലീസ് അറിയിച്ചു.




