ബെംഗളൂരു: പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരണം വൈദ്യൂതാഘാതമേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുംകൂറില്‍ നടന്ന സംഭവത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. മെയ് 11 നായിരുന്നു സംഭവം. നാഗേഷും മകന്‍ സൂര്യയും ഈ ദിവസം രാത്രി അപ്പോളോ ഐസ്‌ക്രീം ഫാക്ടറിയില്‍ ഉണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1:45 ഓടെ അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി, അത് ഉടന്‍ തന്നെ ശാരീരിക വാക്കേറ്റമായി മാറി. 55 കാരനായ നാഗേഷ് മകനെ തല്ലുന്നത് വീഡിയോ തെളിവുകളില്‍ കാണാം. തന്റെ ചെരിപ്പുകൊണ്ട് പിതാവ് മകന്‍ സൂര്യയെ തല്ലുന്നു. പിതാവിനെ തടയാന്‍ ശ്രമിച്ചപ്പോള്‍ നാഗേഷ് ഒരു വടിയെടുത്ത് സൂര്യയെ തല്ലി. ഇതിനിടയില്‍ പിതാവ് കഴുത്തില്‍ ചുറ്റിയിരുന്ന വെള്ളത്തുണിയില്‍ പിടിച്ചുവലിച്ച് മകന്‍ പിതാവിനെ നിലത്തേക്ക് തള്ളിയിടുകയും തുണി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
സൂര്യയുടെ സുഹൃത്തെന്ന് കരുതുന്ന മറ്റൊരാള്‍ അവനോടൊപ്പം ചേര്‍ന്ന് നാഗേഷ് മരിച്ചുവെന്ന് ഉറപ്പാക്കുന്നു. ഇത് മറയ്ക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മൃതദേഹം കട്ടിലില്‍ കിടത്തി കൈവിരലുകളില്‍ വൈദ്യുതാഘാതം ഏല്‍പ്പിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റുള്ള മരണമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ നാഗേഷിന്റെ സഹോദരി സവിതയ്ക്ക് സഹോദരന്റെ മരണത്തില്‍ പന്തികേട് തോന്നുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇതോടെ സൂര്യയും കൂട്ടുകാരനും സ്ഥലത്ത് നിന്നും മുങ്ങി. ഇത് പോലീസിന് കൂടുതല്‍ സംശയത്തിന് കാരണമാകുകയും ആഴത്തില്‍ അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഫാക്ടറിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാഗേഷ് യഥാര്‍ത്ഥത്തില്‍ മരിച്ചതെങ്ങനെയെന്ന് തിരിച്ചറിഞ്ഞു. അപ്പനും മകനും തമ്മില്‍ വഴക്കുണ്ടാക്കാന്‍ കാരണമെന്താണെന്ന് പരിശോധിക്കുകയാണ് പോലീസ്. സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരന്‍ ആരാണെന്ന് തിരിച്ചറിയാനും പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.




