ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിൽ ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനും സഹോദരിയും ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മജ്‌ഹോല സ്വദേശിയായ പവനാണ് കൊല്ലപ്പെട്ടത്. ഇയാളെ മൂന്ന് മണിക്കൂറോളം തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പവന്റെ ഭാര്യയായ ഇരുപത്തിനാലുകാരി ആഞ്ചലും അവരുടെ ഇരുപത്തൊന്നുകാരനായ അനന്തരവൻ അങ്കിതും തമ്മിലുള്ള അവിഹിത ബന്ധം പവൻ അറിഞ്ഞതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ആഞ്ചലും പവനും ആറ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് മൂന്ന് വയസ്സുള്ള ഒരു മകളുമുണ്ട്.
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കി. കൃത്യം നടത്തുന്നതിന് നാല് ദിവസം മുൻപ് തന്നെ ആഞ്ചലിന്റെ പതിനെട്ടുകാരിയായ സഹോദരി ശിഖ ഇവരുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനായി ശിഖയുടെ കാമുകനായ പത്തൊൻപതുകാരൻ അജയ്‌യുടെ സഹായവും ഇവർ തേടി.
സംഭവം നടന്ന ദിവസം, പ്രതികൾ പവനെ നിർബന്ധിച്ച് വിഷം കഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും പവൻ അത് എതിർത്തു. തുടർന്ന് ഇവർ പവനെ കെട്ടിയിട്ട് മർദ്ദിക്കുകയും മൂന്ന് മണിക്കൂറോളം വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. പവൻ തീർത്തും അബോധാവസ്ഥയിലായപ്പോൾ, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ അവർ വീണ്ടും വിഷം ഉള്ളിൽ ചെന്നെത്തിച്ചു. പവൻ മരിച്ചതിന് ശേഷം, കൊലപാതക വിവരം മറച്ചുവെക്കാൻ മൃതദേഹം ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. തുടർന്ന് പവൻ വിഷം കഴിച്ച് ഗോവണിയിൽ നിന്ന് വീണ് മരിച്ചതാണെന്ന് ഇവർ അയൽക്കാരെ അറിയിക്കുകയായിരുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പവൻ ഭയപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മൂന്ന് മാസങ്ങൾക്ക് മുൻപ് പവൻ തന്റെ സഹോദരിയെ ഫോണിൽ വിളിച്ച് തനിക്ക് എന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ആശങ്ക പങ്കുവെച്ചിരുന്നെങ്കിലും അന്ന് ആരും അത് ഗൗരവമായി എടുത്തിരുന്നില്ല.
കേസിലെ പ്രതികളായ ആഞ്ചൽ, കാമുകനും അനന്തരവനുമായ അങ്കിത്, സഹോദരി ശിഖ, ശിഖയുടെ കാമുകൻ അജയ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നാല് പേർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




