Fitness Health

30 വയസ്സിനു ശേഷം ഇന്ത്യൻ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?

ഇരുപതുകളിൽ ശരീരഭാരം കുറയ്ക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നാറുണ്ട്. കുറച്ച് ഭക്ഷണം ഒഴിവാക്കുകയോ അല്പം കൂടുതൽ നടക്കുകയോ ചെയ്താൽ ഭാരത്തിൽ മാറ്റം വരും. എന്നാൽ 30 വയസ്സ് കഴിയുന്നതോടെ പല സ്ത്രീകളും ഒരു മാറ്റം ശ്രദ്ധിക്കുന്നു. പഴയ വിദ്യകളൊന്നും ഫലിക്കാതെ വരുന്നു. ഡയറ്റിംഗ് കൂടുതൽ കഠിനമാവുകയും ഫലം കിട്ടാൻ വൈകുകയും ചെയ്യുന്നത് വലിയ നിരാശയ്ക്ക് കാരണമാകുന്നു.

“ഞാൻ കുറച്ചാണ് കഴിക്കുന്നത്, എന്നിട്ടും ഭാരം കൂടുന്നു” അല്ലെങ്കിൽ “മുമ്പ് എനിക്ക് പെട്ടെന്ന് ഭാരം കുറയ്ക്കാൻ കഴിയുമായിരുന്നു” എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. ഹോർമോൺ ആരോഗ്യ വിദഗ്ധയായ ഡോ. സ്നേഹൽ (MD), 30 വയസ്സിന് മുകളിലുള്ള ഇന്ത്യൻ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നതിന്റെ മൂന്ന് പ്രധാന കാരണങ്ങൾ പങ്കുവെക്കുന്നു.

പ്രധാന കാരണങ്ങൾ:

1. ഹോർമോണുകൾ മാറുന്നു, പക്ഷേ ഭക്ഷണരീതി മാറുന്നില്ല: 30-ന് ശേഷം ശരീരം മാറുന്നു. ഇൻസുലിൻ പ്രതിരോധം വർദ്ധിച്ചേക്കാം, തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്ദഗതിയിലായേക്കാം. ചിലരിൽ പി.സി.ഒ.എസ് ലക്ഷണങ്ങളോ അല്ലെങ്കിൽ പെരിമെനോപോസ് ഘട്ടമോ ആരംഭിക്കാം. എന്നാൽ പലരും ഇപ്പോഴും 23 വയസ്സുള്ളപ്പോഴത്തെ ഭക്ഷണരീതി തന്നെയാണ് പിന്തുടരുന്നത്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. മുമ്പ് അത്താഴം ഒഴിവാക്കിയാൽ 1 കിലോ കുറയുമായിരുന്നുവെങ്കിൽ, ഇപ്പോൾ അത് അസിഡിറ്റിക്കും ഭക്ഷണത്തോടുള്ള അമിതമായ കൊതിക്കും മാത്രമേ കാരണമാകൂ.

2. തുടർച്ചയായ ഡയറ്റിംഗ് മെറ്റബോളിസത്തെ കുറയ്ക്കുന്നു: പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള ‘ക്രാഷ് ഡയറ്റുകൾ’ ഒരു ചക്രവ്യൂഹം പോലെയാണ്. 3 കിലോ കുറയ്ക്കുന്നു, പിന്നാലെ 5 കിലോ കൂടുന്നു. ഇത് ആവർത്തിക്കുമ്പോൾ, ഭക്ഷണം എപ്പോൾ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് ശരീരം കരുതി തുടങ്ങും. സ്വയം സുരക്ഷയ്ക്കായി ശരീരം കൂടുതൽ കൊഴുപ്പ് ശേഖരിക്കാൻ തുടങ്ങുന്നു. ഇതോടെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചാൽ പോലും ഭാരം കുറയാത്ത അവസ്ഥയുണ്ടാകുന്നു.

3. ജീവിതശൈലി കൊഴുപ്പ് സംഭരിക്കാൻ പ്രേരിപ്പിക്കുന്നു: വൈകിയുള്ള അത്താഴം, ഉറക്കക്കുറവ്, അമിതമായ മാനസിക സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവ കോർട്ടിസോൾ (Cortisol) ഹോർമോണിന്റെ അളവ് കൂട്ടുന്നു. കോർട്ടിസോൾ അധികമായാൽ ശരീരം കൊഴുപ്പിനെ മുറുകെ പിടിക്കും. അതിനാൽ കുറച്ച് കഴിച്ചാലും ശരീരം കൊഴുപ്പ് എളുപ്പത്തിൽ എരിച്ചുകളയില്ല.

30 വയസ്സിന് ശേഷം എന്ത് ഫലം നൽകും?

ഭാരം കുറയ്ക്കാനുള്ള പഴയ രീതികൾ പുതിയ ശരീരത്തിൽ പരീക്ഷിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് ഡോ. സ്നേഹൽ ചൂണ്ടിക്കാട്ടുന്നു. 30-ന് ശേഷം ഭാരം കുറയ്ക്കാൻ താഴെ പറയുന്നവ സഹായിക്കും:

  • ക്രമീകൃതമായ ഭക്ഷണക്രമം.
  • മെറ്റബോളിസം വീണ്ടെടുക്കൽ.
  • ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുക.
  • വീട്ടിലുണ്ടാക്കുന്ന ഇന്ത്യൻ ഭക്ഷണം കഴിക്കുക.
  • തുടരാൻ കഴിയുന്ന ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക.

30 വയസ്സിന് ശേഷം ഭാരം കുറയ്ക്കുക എന്നത് കുറച്ച് കഴിക്കുന്നതിലല്ല, മറിച്ച് ഹോർമോണുകളുടെ പ്രവർത്തനത്തിനനുസരിച്ച് ബുദ്ധിപൂർവ്വം ആഹാരം കഴിക്കുന്നതിലും മികച്ച ജീവിതശൈലി പിന്തുടരുന്നതിലുമാണ്.