നിങ്ങൾ ദേഷ്യത്തിലോ അമിതമായ മാനസിക സമ്മർദ്ദത്തിലോ ആയിരിക്കുമ്പോൾ, സ്ത്രീ എന്ന നിലയില്‍ ആരെങ്കിലും വന്ന് നിങ്ങൾക്ക് പി.എം.എസ് (ആർത്തവത്തിന് മുന്നോടിയായുള്ള അസ്വസ്ഥതകൾ) ആണോ എന്ന് ചോദിച്ചിട്ടുണ്ടോ? ദേഷ്യം വരുമ്പോൾ കൺകോണുകളിൽ കണ്ണീർ നിറയുന്നത് പല സ്ത്രീകളുടെയും സ്വാഭാവികമായ പ്രതികരണമാണ്.
ദേഷ്യം പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോൾ തൊണ്ടയിടറുന്നതും വാക്കുകൾ കിട്ടാതെ വരുന്നതും നിരാശാജനകമായ കാര്യമാണ്. ഇതിനെല്ലാം ഹോർമോണുകളെ മാത്രം കുറ്റം പറയുന്നതാണ് പതിവ്. എന്നാൽ ഹോർമോണുകൾക്ക് പുറമെ ഇതിന് പിന്നിൽ മറ്റ് പല കാരണങ്ങളുമുണ്ടെന്ന് ഗൈനക്കോളജിസ്റ്റ്, എൻഡോക്രൈനോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവർ വ്യക്തമാക്കുന്നു.
മാനസികമായ അമിതഭാരം കൈകാര്യം ചെയ്യാനുള്ള തലച്ചോറിന്റെ ഒരു രീതിയാണ് ദേഷ്യം വരുമ്പോൾ കരയുന്നത്. ഒരാൾക്ക് തന്റെ വാക്കുകൾ ആരും കേൾക്കുന്നില്ലെന്നോ, അവഗണിക്കപ്പെടുന്നുവെന്നോ, കടുത്ത നിരാശയോ തോന്നുമ്പോൾ തലച്ചോറിന് ഒരേസമയം ഒന്നിലധികം വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ഈ വൈകാരിക വിസ്ഫോടനമാണ് കണ്ണീരായി പുറത്തുവരുന്നത്.
കൂടാതെ, സങ്കടവും പ്രയാസങ്ങളും കരഞ്ഞുതീർക്കാൻ ചെറുപ്പം മുതലേ സ്ത്രീകൾ സാമൂഹികമായി ശീലിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ പുരുഷന്മാർ ദേഷ്യം മറ്റൊരു രീതിയിലാണ് പ്രകടിപ്പിക്കുന്നത്. ദേഷ്യവും സമ്മർദ്ദവും കൂടുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും സമ്മർദ്ദ ഹോർമോണുകൾ കൂടുകയും ചെയ്യും. ഈ സമയത്ത് നാഡീവ്യൂഹത്തെ ശാന്തമാക്കാനുള്ള ഒരു പ്രതിരോധ സംവിധാനമായാണ് ശരീരം കണ്ണീരിനെ ഉപയോഗിക്കുന്നത്. ആവശ്യത്തിന് ഉറക്കമില്ലായ്മയോ കടുത്ത മാനസിക ബുദ്ധിമുട്ടുകളോ ഉള്ളപ്പോൾ ചെറിയൊരു തർക്കം പോലും പെട്ടെന്ന് കരച്ചിലിലേക്ക് നയിച്ചേക്കാം. അതിനാൽ ദേഷ്യം വരുമ്പോഴുള്ള കരച്ചിലിനെ പി.എം.എസ് എന്നോ ബലഹീനതയെന്നോ വിളിച്ച് തള്ളിക്കളയാനാവില്ല.
അതേസമയം, സ്ത്രീകളിലെ ഈ വൈകാരിക പ്രതികരണങ്ങൾക്ക് പിന്നിൽ ഹോർമോണുകളുടെ പങ്കും ചെറുതല്ല. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ, ഓക്സിടോസിൻ, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളാണ് സ്ത്രീകളുടെ മാനസികാവസ്ഥയെയും സമ്മർദ്ദങ്ങളെയും നിയന്ത്രിക്കുന്നത്. ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ (പ്രത്യേകിച്ച് ആർത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ) ഈ ഹോർമോണുകളുടെ അളവിൽ പെട്ടെന്ന് വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത് സങ്കടം, ദേഷ്യം, മൂഡ് മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും.
എന്നാൽ ആർത്തവത്തിന് ശേഷമുള്ള ദിവസങ്ങളിൽ സ്ത്രീകൾ കൂടുതൽ ഊർജ്ജസ്വലരും വൈകാരികമായി സ്ഥിരതയുള്ളവരുമായിരിക്കും. ദേഷ്യം വരുമ്പോൾ കരയുന്നത് വികാരങ്ങളെ അടിച്ചമർത്തുന്നതിനേക്കാൾ ശരീരത്തിന് നല്ലതാണ്. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും സാധാരണ നിലയിലേക്ക് തിരിച്ചെത്താനും സഹായിക്കും.
എന്നാൽ, ദേഷ്യം വരുമ്പോൾ ഇടയ്ക്കിടെ കരയുന്നത് സ്വാഭാവികമാണെങ്കിലും, ഇത് വളരെ കൂടുതലായി കാണപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത വിഷാദം, അമിതമായ ഉത്കണ്ഠ, ആർത്തവത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന കടുത്ത മാനസിക അസ്വസ്ഥതകൾ (PMDD) എന്നിവയുടെ ലക്ഷണമാകാം ഇത്. ചിലപ്പോൾ തൈറോയ്ഡ് പ്രശ്നങ്ങളോ മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയോ ഇതിന് കാരണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്. എങ്കിലും, ദേഷ്യം വരുമ്പോൾ കരയുന്നത് ഒരിക്കലും ബലഹീനതയല്ല, മറിച്ച് മനസ്സിനെ ശാന്തമാക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്.




