Featured Sports

സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !

ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.

പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള ആദ്യ പോരാട്ടത്തിൽ നേരിട്ടത് സ്വന്തം പഴയ ടീമിനെത്തന്നെയായിരുന്നു. മഞ്ഞ ജഴ്സിയിൽ സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ് കാണാൻ കാത്തിരുന്ന ആരാധകർക്ക് പക്ഷെ നിരാശയായിരുന്നു ഫലം. ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയ രണ്ടാം ഓവറിൽ തന്നെ സഞ്ജു കൂടാരം കയറി. വെറും 7 പന്തിൽ 6 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം കളിച്ച ആദ്യ മത്സരത്തിൽ തന്നെ പേസർ നാന്ദ്രെ ബർഗറുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡായി.

തുടക്കത്തിൽ ജോഫ്ര ആർച്ചർക്കെതിരെ നേടിയ ഒരു ഫോർ മാത്രമാണ് സഞ്ജുവിന്റെ ഇന്നിങ്സിൽ ആരാധകർക്ക് ആശ്വസിക്കാൻ വകനൽകിയത്. ചെന്നൈ നിരയിലെ മറ്റ് ബാറ്റർമാരും പരാജയപ്പെട്ടതിനാൽ സഞ്ജുവിനെ മാത്രം കുറ്റം പറയാനാകില്ലെങ്കിലും, ഒരു വലിയ റെക്കോർഡാണ് ഇവിടെ തകർന്നത്. 2020 മുതൽ ഓരോ ഐപിഎൽ സീസണിലെയും തന്റെ ആദ്യ മത്സരത്തിൽ സഞ്ജു അർധസെഞ്ചറി നേടാറുണ്ടായിരുന്നു. 2020ൽ ചെന്നൈയ്ക്കെതിരെ 74 റൺസും, തുടർന്നുള്ള വർഷങ്ങളിൽ പഞ്ചാബ്, ഹൈദരാബാദ്, ലക്നൗ ടീമുകൾക്കെതിരെയും സഞ്ജു തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചു. എന്നാൽ ആറു വർഷമായി തുടരുന്ന ആ ജൈത്രയാത്ര ഇത്തവണ അവസാനിച്ചു.

ആദ്യ മത്സരങ്ങളിലെ സഞ്ജുവിന്റെ ഈ പതിവ് മികവ് ഇത്തവണ രാജസ്ഥാനെതിരെയും ഉണ്ടാകുമെന്ന് കരുതിയവർക്ക് തെറ്റി. 2020ൽ രാജസ്ഥാന് വേണ്ടി ചെന്നൈയ്ക്കെതിരെ ഫിഫ്റ്റിയോടെ തുടങ്ങിയ ആ കുതിപ്പ്, ആറു വർഷത്തിന് ശേഷം ചെന്നൈയ്ക്ക് വേണ്ടി രാജസ്ഥാനെതിരെ കളിച്ചപ്പോൾ അവസാനിച്ചത് ഒരു വിരോധാഭാസമായി. സഞ്ജുവിന്റെ ഈ മോശം തുടക്കം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. ആരാധകർ നിരാശയിലാണെങ്കിലും, ഏപ്രിൽ 3ന് പഞ്ചാബ് കിങ്സിനെതിരെ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിൽ സഞ്ജു കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.