Crime

കാറിന് സൈഡ് കൊടുത്തില്ല, വെടിവയ്പ്പ്; പ്രഭാതസവാരിക്കിറങ്ങിയ റിട്ട. ബ്രിഗേഡിയർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രഭാതസവാരിക്കിറങ്ങിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. റോഡിൽ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിലുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് റിട്ടയേർഡ് ബ്രിഗേഡിയർ മുകേഷ് ജോഷി (74) കൊല്ലപ്പെട്ടത്. രാവിലെ മസൂറി റോഡിലെ ജോറി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയവരും മറ്റൊരു സംഘവും തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. മുന്നോട്ടുപോയ ഡൽഹി വാഹനത്തെ പിന്തുടർന്നെത്തിയ രണ്ടാമത്തെ സംഘം കാറിന്റെ ടയർ ലക്ഷ്യമാക്കി വെടിയുതിർത്തു. ഈ സമയത്ത് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ബ്രിഗേഡിയർ ജോഷിക്ക് വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

വെടിയേറ്റതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ സ്കൂളിന് മുന്നിലുള്ള മരത്തിലിടിച്ചു തകർന്നു. അപകടത്തിന് പിന്നാലെ രണ്ടാമത്തെ കാറിലെത്തിയവർ ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയും വാഹനം തകർക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് പേർ ഇപ്പോൾ ചികിത്സയിലാണ്. അക്രമത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഡെറാഡൂൺ എസ്.എസ്.പി പ്രമേന്ദ്ര സിംഗ് ദോബാൽ സ്ഥലം സന്ദർശിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാധാരണഗതിയിൽ ശാന്തമായ മസൂറി റോഡിൽ നടന്ന ഈ അപ്രതീക്ഷിത അക്രമം പ്രദേശവാസികളെ വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.