Crime

ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കിന്‍ മുനയിൽ യുവതിയെ ബലാത്സംഗം; യുവാവ് അറസ്റ്റിൽ‍

പുണെ–സോലാപൂർ ഹൈവേയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ മുപ്പത്തിരണ്ടുകാരിയെ തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. കുർക്കുംബിന് സമീപം വെച്ചാണ് അപരിചിതനായ ഒരാളിൽ നിന്നും ലിഫ്റ്റ് സ്വീകരിച്ച യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ദൗണ്ട് താലൂക്കിൽ സ്റ്റേഷനറി കട നടത്തുന്ന മുപ്പത്തിയഞ്ചുകാരനെ പോലീസ് പിടികൂടിയിട്ടുണ്ട്.

അമ്മയെ സഹോദരൻ ഉപദ്രവിക്കുന്നു എന്ന വിവരമറിഞ്ഞ് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകുകയായിരുന്നു ഇൻദാപൂർ സ്വദേശിനിയായ യുവതിയെന്ന് പോലീസ് അറിയിച്ചു. പിക്കപ്പ് വാനിൽ കുർക്കുംഭിലെത്തിയ ഇവർ ഹൈവേയിലെ പാലത്തിന് സമീപം വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയത്. മൂന്ന് കിലോമീറ്റർ പിന്നിട്ടപ്പോൾ വിജനമായ സ്ഥലത്ത് വണ്ടി നിർത്തി ഇയാൾ യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. എതിർത്തപ്പോൾ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കാറിൽ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.

പ്രതി പോയതിനുശേഷം വീട്ടിലെത്തിയ യുവതി പിറ്റേദിവസം തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. താൻ സഞ്ചരിച്ച കാറിന്റെ നമ്പർ യുവതി കുറിച്ചെടുത്തിരുന്നു. ഈ നമ്പറിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാൽ പീഡിപ്പിക്കാൻ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാരതീയ ന്യായ സംഹിത, എസ്.സി-എസ്.ടി പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് ദൗണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ മാർച്ച് 31 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.