ക്രിക്കറ്റ് കമന്ററി ബോക്സിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്തെത്തി. തനിക്കെതിരെ ‘വ്യക്തിപരമായ പരാമർശങ്ങൾ’ നടത്തിയവർക്കൊപ്പം ഇരുന്ന് ജോലി ചെയ്യാൻ താൽപ്പര്യമില്ലെന്നാണ് യുവരാജ് പറഞ്ഞത്.
വിരമിച്ച ശേഷം സഹതാരങ്ങളിൽ പലരും കമന്ററിയിലേക്ക് തിരിഞ്ഞപ്പോഴും യുവരാജ് ഗോൾഫ് കളിക്കുന്നതിലും താരങ്ങളെ പരിശീലിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തന്റെ കളിയെക്കുറിച്ചല്ലാതെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയവരോട് തനിക്ക് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അങ്ങനെയുള്ളവർക്കൊപ്പം ഇരിക്കാൻ ആഗ്രഹിക്കാത്തതാണ് കമന്ററിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം സ്പോർട്സ് തക്കിനോട് പറഞ്ഞു.
കൂടാതെ, മലയാളി താരം സഞ്ജു സാംസണുമായുള്ള പരിശീലനത്തെക്കുറിച്ചും യുവരാജ് സംസാരിച്ചു. ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാത്തതിൽ സഞ്ജു നിരാശനായിരുന്ന ഘട്ടത്തിലാണ് താൻ അവനെ കണ്ടതെന്നും അവന്റെ ബാറ്റിംഗിലെ ചില സാങ്കേതിക പിഴവുകൾ താൻ ചൂണ്ടിക്കാണിച്ചെന്നും യുവരാജ് വെളിപ്പെടുത്തി.
സഞ്ജുവിന്റെ ഫുട്ട്‌വർക്കിലെ പോരായ്മകളെക്കുറിച്ച് താൻ അവനോട് സംസാരിച്ചിരുന്നു. കാലുകളുടെ ചലനം മെച്ചപ്പെടുത്തിയില്ലെങ്കിൽ തുടർച്ചയായി പ്രതിസന്ധിയിൽ അകപ്പെടുമെന്ന് താൻ അവന് മുന്നറിയിപ്പ് നൽകിയിരുന്നതായും, അത് മെച്ചപ്പെടുത്താനുള്ള ചില നിർദ്ദേശങ്ങൾ നൽകിയതായും യുവരാജ് വ്യക്തമാക്കി. സഞ്ജു ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ഫുട്ട്‌വർക്ക് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് യുവരാജിന്റെ അഭിപ്രായം.




