Sports

ഞാൻ മുസ്ലീമാണ്”; ഗാലറിയിലെ വിദ്വേഷ മുദ്രാവാക്യങ്ങൾക്ക് ചുട്ട മറുപടിയുമായി ലമിൻ യമാൽ!

ബാർസിലോന, ഏപ്രിൽ 1: സ്പെയിനും ഈജിപ്തും തമ്മിൽ നടന്ന പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിനിടെ കാണികളിൽ ചിലർ മതപരമായ അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാൽ. താനൊരു മുസ്ലിമാണെന്നും സ്റ്റേഡിയത്തിൽ കാണികൾ കാണിച്ച പെരുമാറ്റം അനാദരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് യമാൽ പറഞ്ഞു.

മാർച്ച് 31-ന് ആർ.സി.ഡി.ഇ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും കളിക്ക് പുറത്തെ വിവാദങ്ങളാണ് ചർച്ചയായത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഈജിപ്തിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ ഒരു വിഭാഗം കാണികൾ കൂവി വിളിച്ചിരുന്നു. കളി നടക്കുമ്പോൾ “നിങ്ങൾ ചാടുന്നില്ലെങ്കിൽ നിങ്ങൾ മുസ്ലിമാണ്” എന്ന അധിക്ഷേപകരമായ മുദ്രാവാക്യവും ഗാലറിയിൽ നിന്ന് ഉയർന്നു.

മൊറോക്കൻ പാരമ്പര്യമുള്ള മുസ്ലിം ഫുട്ബോൾ താരമായ യമാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ശക്തമായ മറുപടി നൽകിയത്. ഫുട്ബോൾ എന്നത് ആദരവിനും ഐക്യത്തിനും വേണ്ടിയുള്ളതാണെന്നും അല്ലാതെ ഒരാളുടെ മതത്തെ അപമാനിക്കാനുള്ളതല്ലെന്നും അദ്ദേഹം കുറിച്ചു. 2026 ഫിഫ ലോകകപ്പിനായി ടീമുകൾ തയ്യാറെടുക്കുന്ന ഈ സമയത്ത് ഇത്തരം പ്രവണതകൾ കായിക വിനോദത്തിന്റെ ആവേശത്തിന് വിരുദ്ധമാണെന്ന് ഫുട്ബോൾ ആരാധകരും വിമർശിച്ചു.

“ഞാനൊരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്” എന്ന് തുടങ്ങുന്ന കുറിപ്പിൽ, ആ മുദ്രാവാക്യം തന്നെ വ്യക്തിപരമായി ലക്ഷ്യം വെച്ചുള്ളതല്ലെങ്കിലും ഒരു മുസ്ലിം എന്ന നിലയിൽ അത് അങ്ങേയറ്റം തെറ്റാണെന്ന് യമാൽ വ്യക്തമാക്കി. എല്ലാ ആരാധകരും അങ്ങനെയല്ലെന്ന് തനിക്കറിയാം, എന്നാൽ മതത്തെ പരിഹാസവിഷയമാക്കുന്നവർ അവരുടെ അറിവില്ലായ്മയും വംശീയതയുമാണ് പ്രകടിപ്പിക്കുന്നത്. സ്വന്തം ടീമിനെ പിന്തുണയ്ക്കാനും കളി ആസ്വദിക്കാനുമാണ് സ്റ്റേഡിയത്തിൽ വരേണ്ടതെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കാനല്ലെന്നും യമാൽ കൂട്ടിച്ചേർത്തു.