മധ്യ ചൈനയിലെ ഒരു ഹോട്ടലിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ടുപോയ ആറ് വയസ്സുകാരനെ ഹോട്ടൽ ജീവനക്കാർ സ്വന്തം കുടുംബാംഗത്തെപ്പോലെ പരിചരിച്ച സംഭവം നിരവധിയാളുകളുടെ മനസ്സ് നിറയ്ക്കുകയാണ്.
ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിലുള്ള ഹോട്ടലിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് യു എന്ന് പേരുള്ള 25-കാരിയായ അമ്മയ്‌ക്കൊപ്പം ചെങ്‌ചെങ് എന്ന ബാലൻ എത്തിയത്. തുടക്കത്തിൽ രാത്രിയിൽ പുറത്തുപോയിരുന്ന അമ്മ പകൽ സമയങ്ങളിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ മാർച്ച് ആയതോടെ ഇവർ മടങ്ങിവരാതാകുകയും ബന്ധപ്പെടാനുള്ള വിവരങ്ങളൊന്നും നൽകാതെ കുട്ടിയെ ഹോട്ടലിൽ ഉപേക്ഷിക്കുകയും ചെയ്തു.
പകുതി മാസത്തോളം ആ കൊച്ചുബാലൻ ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കായിരുന്നു. ഹോട്ടലിലെ ശുചീകരണ തൊഴിലാളികളോട് സംസാരിച്ചും അവരെ കെട്ടിപ്പിടിച്ചും ജനലിലൂടെ പുറത്തേക്ക് നോക്കിയും അവൻ സമയം തള്ളിനീക്കി.
മുറിയിലുണ്ടായിരുന്ന സ്മാർട്ട് സ്പീക്കറിനോട് “നിനക്കും അച്ഛനും അമ്മയും ഉണ്ടോ?” എന്ന് അവൻ ചോദിച്ചതും അമ്മ തിരികെ വരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതും ജീവനക്കാരെ ഏറെ സങ്കടപ്പെടുത്തി. കുട്ടിയുടെ അവസ്ഥ കണ്ട് ഹോട്ടൽ ജീവനക്കാർ മാറി മാറി അവന് ഭക്ഷണവും പഴങ്ങളും നൽകി സംരക്ഷിച്ചു. അവിടുത്തെ ഒരു ശുചീകരണ തൊഴിലാളി അവന് അമ്മയെപ്പോലെ കൂട്ടിരുന്നു.
പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിൽ മാർച്ച് 24-ന് കുട്ടിയുടെ അമ്മ ഹോട്ടലിൽ തിരിച്ചെത്തി. മകൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. തനിക്കുണ്ടായ അസുഖം മകന് പകരുമെന്ന പേടിയും വർദ്ധിച്ചുവരുന്ന കടബാധ്യതയുമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അവർ കരഞ്ഞുകൊണ്ട് പറഞ്ഞു.
എന്നാൽ താൻ ഇപ്പോൾ ഒരു ‘ചെറിയ മനുഷ്യൻ’ ആണെന്നും അമ്മയെ സംരക്ഷിക്കാൻ വേഗം വളരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് ആ ആറ് വയസ്സുകാരൻ അമ്മയെ ആശ്വസിപ്പിച്ചു. ഹോട്ടലിൽ നിന്ന് പോകുമ്പോൾ തന്നെ പരിചരിച്ച ജീവനക്കാരിയുടെ കണ്ണുനീർ തുടയ്ക്കാനും ഫോൺ നമ്പർ ചോദിക്കാനും അവൻ മറന്നില്ല. ആ കുടുംബത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കിയ ഹോട്ടൽ അധികൃതർ, ഇനിയും അവിടെ വരുമ്പോൾ അവർക്ക് സൗജന്യമായി താമസിക്കാമെന്ന് ഉറപ്പുനൽകി.
അവിവാഹിതയായ ഈ യുവതിയുടെ കുടുംബം അതീവ ദരിദ്രരാണെന്നും ഭിന്നശേഷിക്കാരിയായ സഹോദരിയുടെ ചികിത്സയ്ക്കായി വലിയ തുക കടമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ അധികൃതർ കുട്ടിയെ താൽക്കാലികമായി മറ്റൊരു വളർത്തു കുടുംബത്തിന്റെ സംരക്ഷണത്തിൽ വിട്ടിരിക്കുകയാണ്. മുമ്പ് സ്കൂളിൽ പോയിട്ടില്ലാത്ത ചെങ്‌ചെങ് ഇപ്പോൾ പഠനം ആരംഭിച്ചു. അതേസമയം, ചൈനയിലെ നിയമപ്രകാരം കുട്ടികളെ ഉപേക്ഷിക്കുന്നത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




