മുംബൈ: സംഗീത സംവിധായകന്‍ പലാഷ് മുചാലുമായുള്ള വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിലേക്ക് മടങ്ങി ഇന്ത്യന്‍ താരം സ്‌മൃതി മന്ദാന. ഒരു സ്വകാര്യ ഗ്രൗണ്ടില്‍ സ്‌മൃതി ബാറ്റിങ് പരിശീലിക്കുന്ന ചിത്രം താരത്തിന്റെ സഹോദരന്‍ ശ്രാവണ്‍ മന്ദാന ഇന്‍സ്‌റ്റാഗ്രാം സ്‌റ്റോറിയായി പങ്കുവച്ചു. ചിത്രം വൈകാതെ വൈറലായി. ദുഷ്‌കരമായ സമയത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയതില്‍ നിരവധി പേരാണ് സ്‌മൃതിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തുന്നത്. പിന്നാലെ സ്മൃതിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുന്നതായി പലാഷും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.
ഇന്ത്യന്‍ വനിതാ ടീമിന്റെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തില്‍ അഭിവാജ്യമായിരുന്നു സ്‌മൃതിയുടെ പ്രകടനം. 21 ന് ശ്രീലങ്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയാണ് സ്‌മൃതിക്ക് മുന്നിലുള്ളത്. അതിന് മുന്നോടിയായാണ് താരം പരിശീലനം ആരംഭിച്ചത്.
കഴിഞ്ഞ ദിവസമാണ് പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതി ഇന്‍സ്‌റ്റാഗ്രാം പോസ്‌റ്റിലൂടെ അറിയിച്ചത്. നവംബര്‍ 23 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. അതിനിടെ സ്‌മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്‌ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചതായി താരത്തിന്റെ മാനേജര്‍ അറിയിക്കുകയായിരുന്നു. ജന്മനാടായ സാംഗ്ലിയിലെ വിവാഹവേദിയിലേക്ക് അടിയന്തരമായി ആംബുലന്‍സ് എത്തിയത് ആശങ്കയുണ്ടാക്കിയിരുന്നു. പിന്നാലെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പലാഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്‌റ്റുകളും സ്‌മൃതി സാമൂഹിക മാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്‌തിരുന്നു. വിവാഹം മാറ്റിവെച്ചതല്ല മറിച്ച് റദ്ദാക്കിയതാണെന്ന അഭ്യൂഹവും അന്നു തന്നെ പറഞ്ഞു. പലാഷിന് മറ്റൊരു യുവതിയുമായുള്ള ബന്ധം കണ്ടു പിടിച്ചതിനെ തുടര്‍ന്നാണ് സ്‌മൃതിയും കുടുംബവും വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു പ്രചാരണം. ഇതിന് ആധാരമായി ചില ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്തുവന്നു. ഇപ്പോഴിതാ പലാഷ് മുഛല്‍ സ്മൃതി മന്ദാനയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.
ലോകകപ്പ് ഉയർത്തിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോ വൈറൽ വിവാഹനിശ്ചയത്തിന് പിന്നാലെയാണ് പലാഷ് മുഛല്‍ വ്യത്യസ്തമായ പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ചത്. സ്മൃതിക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു വിവാഹാഭ്യര്‍ഥന.




