Health

വേനൽക്കാലത്ത് ഇളനീർ ശരിക്കും ഗുണകരമാണോ? ദോഷങ്ങളും അറിയാം

കഠിനമായ വേനൽക്കാലത്ത് ഇളനീരിനോളം ഉന്മേഷം നൽകുന്ന മറ്റൊരു പാനീയമില്ല. ബെംഗളൂരു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഇളനീരിന് 80 മുതൽ 100 രൂപ വരെ വില ഉയരുമ്പോൾ, ഇത് വെറുമൊരു പരസ്യപ്രചാരണം മാത്രമാണോ അതോ അത്രത്തോളം ഗുണകരമാണോ എന്ന സംശയം പലരിലും ഉയരുന്നുണ്ട്. ശരിയായ രീതിയിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇളനീർ സഹായിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. എങ്കിലും ഇതിന്റെ ഗുണഫലങ്ങളും പാർശ്വഫലങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

പ്രകൃതിദത്തമായ എനർജി ഡ്രിങ്ക് എന്നാണ് ഇളനീർ അറിയപ്പെടുന്നത്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശിവലിവ് തടയാനും ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു. മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിലുണ്ട്. കൃത്രിമ പാനീയങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് വളരെ കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

എന്നാൽ പ്ലാസ്റ്റിക് കുപ്പികളിൽ ലഭിക്കുന്ന സംസ്കരിച്ച നാളികേര വെള്ളത്തേക്കാൾ ഗുണം നൽകുന്നത് ഫ്രഷ് ഇളനീർ തന്നെയാണ്. അതേസമയം, സാധാരണക്കാരായ ആളുകൾക്ക് പ്ലെയിൻ വെള്ളം കുടിക്കുന്നതിനേക്കാൾ വലിയൊരു ഗുണം ഇളനീർ നൽകുന്നില്ലെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇളനീരിന് പകരമായി ഉപയോഗിക്കാവുന്ന മികച്ചതും വിലകുറഞ്ഞതുമായ മറ്റ് പല പാനീയങ്ങളും ഇന്ത്യയിലുണ്ട്. ദഹനത്തിന് സഹായിക്കുന്ന മോരുംവെള്ളം , ഊർജ്ജം നൽകുന്ന സത്തു പാനീയം, വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന കൂവളത്തിന്റെ ജ്യൂസ് എന്നിവ ഇതിൽ പ്രധാനമാണ്. ഇവ ഇളനീരിനേക്കാൾ കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണങ്ങൾ നൽകുന്നവയാണ്.

ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായി ഇളനീർ കുടിക്കുന്നത് ചില ദോഷഫലങ്ങൾക്കും കാരണമാകും. ഇതിലെ ഉയർന്ന പൊട്ടാസ്യം അമിതമായാൽ ‘ഹൈപ്പർകലീമിയ’ എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം. അമിതമായി കുടിക്കുന്നത് വയറിളക്കത്തിന് ഇടയാക്കിയേക്കാം. പ്രമേഹരോഗികൾ ഇത് മിതമായ അളവിൽ മാത്രമേ ഉപയോഗിക്കാവൂ. കൂടാതെ ശരീരത്തിൽ ഉപ്പിന്റെ അളവ് കുറവുള്ളവർ പോലുള്ള അവസ്ഥയുള്ളവർ) ഇളനീരിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണ്.

ആരോഗ്യമുള്ള ഒരാൾക്ക് ദിവസം 100 മുതൽ 150 മില്ലി വരെ ഇളനീർ കുടിക്കുന്നത് സുരക്ഷിതമാണ്. ഇത് ഏകദേശം അര മുറി ഇളനീരിന് തുല്യമാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദം. ചുരുക്കത്തിൽ, ഇളനീർ ഒരു അത്ഭുത പാനീയമല്ലെങ്കിലും കൃത്രിമ പാനീയങ്ങളെക്കാൾ മികച്ചതാണ്.

സാമ്പത്തികമായി നോക്കിയാൽ ഇത് അല്പം വിലകൂടിയതാണെങ്കിലും പ്രകൃതിദത്തമായ രീതിയിൽ ശരീരം തണുപ്പിക്കാൻ ഇതിലും നല്ലൊരു വഴിയൊന്നുമില്ല. എന്നാൽ മോരുംവെള്ളവും മറ്റും ഒഴിവാക്കി ഇളനീർ മാത്രമാണ് നല്ലതെന്ന് കരുതുന്നത് തെറ്റാണ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനം. അതിനായി നിങ്ങളുടെ സൗകര്യത്തിനനുസരിച്ചുള്ള പാനീയങ്ങൾ തിരഞ്ഞെടുക്കാം.