Featured Lifestyle

വായന മടുക്കുന്നുണ്ടോ? പുസ്തകങ്ങളിലേക്ക് തിരികെ വരാൻ ഇതാ 5 എളുപ്പവഴികൾ!

സ്‌ക്രീനുകള്‍ കീഴടക്കിയ ഈ കാലഘട്ടത്തില്‍ വായനയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നില്ല. ഷോര്‍ട്ട് വീഡിയോകളും റീലുകളും നമ്മുടെ ഒഴിവുസമയങ്ങളെ കവര്‍ന്നെടുക്കുമ്പോള്‍, ശ്രദ്ധയോടെ ഒരു പുസ്തകം വായിക്കുക എന്നത് പലര്‍ക്കും പ്രയാസകരമാകുന്നു. തിരക്കേറിയ ജീവിതശൈലിക്കിടയില്‍ വായന പൂര്‍ണ്ണമായും നിലച്ചുപോകാതിരിക്കാന്‍ അത് ദിവസവുമുള്ള ഒരു ശീലമാക്കേണ്ടത് അത്യാവശ്യമാണ്.

വായന തലച്ചോറിനുള്ള ഒരു വ്യായാമമാണ്. വായനയിലൂടെ തലച്ചോറിലെ നാഡീബന്ധങ്ങള്‍ മെച്ചപ്പെടുന്നു, ഓര്‍മ്മശക്തി, ഏകാഗ്രത, വിമര്‍ശനാത്മക ചിന്ത എന്നിവ വര്‍ദ്ധിക്കുന്നു, വ്യക്തമായി ചിന്തിക്കാനും കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനും സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ക്ഷമ വര്‍ദ്ധിപ്പിക്കാനും വായന ഉത്തമമാണ്.

വായന ഒരു ശീലമാക്കാന്‍ ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ച് അറിയാം…..

1. സ്‌ക്രോളിംഗിന് പകരം വായന (Replace one scroll with one page) – ഫോണില്‍ വെറുതെ സ്‌ക്രോള്‍ ചെയ്യുന്ന സമയത്തിന് പകരം ഒരു പേജ് വായിക്കാന്‍ ശ്രമിക്കുക. ചായ കുടിക്കുമ്പോഴോ, യാത്രയിലോ, ക്യൂവില്‍ നില്‍ക്കുമ്പോഴോ ഉള്ള ചെറിയ ഇടവേളകള്‍ ഇതിനായി ഉപയോഗിക്കാം.

2. 10 മിനിറ്റ് നിര്‍ബന്ധിത വായന (Set a 10-minute non-negotiable) – ആദ്യമേ ഒരു മണിക്കൂര്‍ വായിക്കണം എന്ന വലിയ ലക്ഷ്യങ്ങള്‍ വെക്കാതെ, ദിവസവും കുറഞ്ഞത് 10 മിനിറ്റ് വായനയ്ക്കായി മാറ്റിവെക്കുക. ഇത് രാവിലെ കാപ്പി കുടിക്കുമ്പോഴോ ഉറങ്ങുന്നതിന് മുന്‍പോ ഉള്ള ഒരു ദിനചര്യയുടെ ഭാഗമാക്കുക.

3. പ്രതിവാര ലേണിംഗ് ലോഗ് (Keep a weekly learning log) – ആഴ്ചയിലൊരിക്കല്‍ നിങ്ങള്‍ വായിച്ച കാര്യങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ട 2-3 അറിവുകള്‍ കുറിച്ചുവെക്കുക. ഇത് നിങ്ങളുടെ പുരോഗതി മനസ്സിലാക്കാനും കൂടുതല്‍ വായിക്കാന്‍ പ്രചോദനമേകാനും സഹായിക്കും.

4. വായന ഒരു സാമൂഹിക ശീലമാക്കുക (Make it social) – നിങ്ങളുടെ വായനാ ലക്ഷ്യങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഒരുമിച്ച് പുരോഗതി വിലയിരുത്തുന്നതും ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതും വായനയെ കൂടുതല്‍ രസകരമാക്കും.

5. രാത്രികാല വായന (Late-night reading) – ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നതിന് പകരം ഏതാനും പേജുകള്‍ വായിക്കുക. ഇത് മനസ്സിനെ ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.