Lifestyle

വാക്കാണ് ഏറ്റവും വലിയ സത്യം; മരിച്ച കാമുകിക്ക് സിന്ദൂരംചാര്‍ത്തി യുവാവ്

ജീവിച്ചിരുന്നപ്പോള്‍ കാമുകിക്ക് നല്‍കിയ വാഗ്ദാനം മരിച്ചശേഷം നിറവേറ്റി യുവാവ്. കാമുകിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് തൊട്ടുമുമ്പ് യുവാവ് മൂര്‍ദ്ധവില്‍ സിന്ദൂരം ചാര്‍ത്തി അവരെ വിവാഹം ചെയ്തു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് ഈ അസാധാരണ സംഭവം നടന്നത്. അന്ത്യകര്‍മങ്ങള്‍ക്കായി പെണ്‍കുട്ടിയെ ചിതയിലേക്കെടുക്കും മുമ്പാണ് യുവാവ് അവളുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് തന്റെ വാഗ്ദാനം നിറവേറ്റണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും അവര്‍ സമ്മതം മൂളുകയുമായിരുന്നു.

അതേസമയം പെണ്‍കുട്ടി എങ്ങനെയാണ് മരിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുവാവ് ആ പ്രദേശത്ത് ഒരു കട നടത്തിയിരുന്ന സമയത്താണ് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. ആദ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇരുവരുടേയും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു.

പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് യുവാവ് പറഞ്ഞതോടെ വീട്ടുകാര്‍ ഒരു പൂജാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മന്ത്രോച്ചാരണങ്ങള്‍ക്കിടെ യുവാവ് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം തൊടുകയും ചെയ്തു. പെണ്‍കുട്ടിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് യുവാവാണെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.