Oddly News

വിമാനാപകടത്തില്‍ ഉള്‍പ്പെട്ടോ? അവസാന ലൊക്കേഷന്‍ അപകടപരിസരത്ത്, ആല്‍ബം നിര്‍മാതാവിനെ കാണാതായി

പ്രാദേശിക ആല്‍ബം നിര്‍മാതാവിനെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കാണാതായി. കഴിഞ്ഞ 12 നു ശേഷമാണു കാണാതായതെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നു സംശയം. നിരവധി സംഗീത ആല്‍ബങ്ങളുടെ സംവിധായകനായ നരോദ നിവാസി മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയെയാണു കാണാതായത്.

വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹമില്ലെങ്കിലും മരിച്ച മറ്റുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടോയെന്ന ആശങ്കയിലാണു കുടുംബമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മഹേഷ് ജിരാവാലയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അപകടസ്ഥലത്തിന്റെ 700 മീറ്റര്‍ പരിധിയിലാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം യാതൊരു വിവരവുമില്ല. അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു തീര്‍ച്ചപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ഡി.എന്‍.എ. സാമ്പിള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ലോ ഗാര്‍ഡന്‍ പ്രദേശത്ത് താന്‍ പങ്കെടുത്ത യോഗം അവസാനിച്ചെന്നും വീട്ടിലേക്കു വരികയാണെന്നും സംഭവദിവസം ഉച്ചയ്ക്ക് മഹേഷ് അറിയിച്ചിരുന്നതായി ഭാര്യ ഹേതല്‍ കലാവാഡിയ പറഞ്ഞു. ഭര്‍ത്താവ് തിരിച്ചെത്താതിരുന്നതോടെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപകടസ്ഥലത്തുനിന്ന് കണ്ടെടുത്ത നിരവധി മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. തിരിച്ചറിയാന്‍ ഇത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. മഹേഷ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്താനായിട്ടല്ല. അതേസമയം, വീട്ടിലേക്കു വരാന്‍ അപകടസ്ഥത്തു കൂടിയുള്ള വഴി സാധാരണ അദ്ദേഹം ഉപയോഗിക്കാറില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.