മലയാളികളുടെ അടുക്കളയില്‍ സുലഭമായുള്ള ഒന്നാണ് ശർക്കര. പാചകത്തിന് മിക്കപ്പോഴും ഇത് നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിലും ശർക്കരയ്ക്ക് റോളുണ്ടെന്ന് അറിയാമോ? ശർക്കരയിൽ പോഷകങ്ങളും സെലിനിയം എന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റുമുണ്ട്.
ഇത് ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ചുളിവുകൾ തടയാനും യുവത്വം നിലനിർത്താനും ഇതിന് സാധിക്കും. മാത്രമല്ല, ശർക്കരയിലടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് ചർമത്തിന്റെ ഘടനയെ സൗമ്യവും മൃദുവുമാക്കുന്നു. ഇനി ശർക്കര കൊണ്ടുള്ള ചില ഫേസ് പായ്ക്കുകൾ നോക്കാം: –
ശർക്കരയും തേനും: ചർമ സംരക്ഷണത്തിന് ഏറ്റവും മികച്ചവയാണ് ശർക്കരയും തേനും. മുഖത്തെ പാടുകൾ അകറ്റി മൃദുവാക്കാൻ ഈ കൂട്ട് നിങ്ങളെ സഹായിക്കും. ഇതിനായി ഒരു ടേബിൾ സ്പൂൺ ശർക്കരയും ഒരു ടീസ്പൂൺ തേനും അൽപം നാരങ്ങാ നീരും എടുത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 10 മിനിറ്റ് നേരത്തിനുശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകാം.
ശർക്കരയും മഞ്ഞളും: പണ്ടുമുതലേ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. തിളക്കത്തിനും ചർമ ആരോഗ്യത്തിനും ഇതിലും മികച്ച മറ്റൊരു പോംവഴിയില്ല. ഇതിനായി ഒരു ടേബിൾ സ്പൂൺ ശർക്കര എടുത്ത് ഒരു ടീസ്പൂൺ തക്കാളി നീരും കുറച്ച് നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയുംചേർത്ത് നന്നായി ഇളക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. 10 മുതൽ 15 മിനിറ്റ് വരെ വച്ചതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. മികച്ച ഫലം നല്‍കാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മാസ്ക് ഉപയോഗിക്കാം.
ശർക്കരയും മുന്തിരിച്ചാറും: ഇതിനായി ഒരു ടീസ്പൂണ്‍ മുന്തിരിയുടെ ചാറും ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതും നന്നായി യോജിപ്പിക്കുക. ഇതിലേയ്ക്ക് വേണമെങ്കിൽ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും റോസ് വാട്ടറും കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ചർമത്തിനു നിറം നൽകുമെന്ന് മാത്രമല്ല യൗവനം നിലനിർത്താനും സഹായിക്കും.




