സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌ത്രീകള്‍ക്കായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘ലഡ്‌കി ബഹിന്‍ യോജന’യില്‍നിന്ന് 14,000-ത്തിലധികം പുരുഷന്മാര്‍ തട്ടിപ്പിലൂടെ പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. ഇതടക്കം പദ്ധതിയില്‍ നടന്ന തട്ടിപ്പുകളിലൂടെ മൊത്തം 1,640 കോടി രൂപയുടെ നഷ്‌ടം.
രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, 21 നും 65 നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്കു പ്രതിമാസം 1,500 രൂപ നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം മുന്നോട്ടുവച്ച വാഗ്‌ദാനം മുന്നണിയുടെ വിജയത്തില്‍ നിര്‍ണായക ഘടകമാവുകയും ചെയ്‌തു.
വനിതാ-ശിശു വികസന വകുപ്പ് (ഡ.ബ്ല്യു.സി.ഡി.) നടത്തിയ ഓഡിറ്റിലാണു ക്രമക്കേട് കണ്ടെത്തിയത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ കൃത്രിമം കാണിച്ച് സ്‌ത്രീകളെന്ന വ്യാജേന 14,298 പുരുഷന്മാര്‍ പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇവര്‍ക്കായി 21.44 കോടി രൂപ വിതരണം ചെയ്‌തെന്നും കണ്ടെത്തി. പദ്ധതി ആരംഭിച്ച് 10 മാസങ്ങള്‍ക്ക് ശേഷമാണ് ദുരുപയോഗം വെളിച്ചത്തുവന്നത്.
‘ പാവപ്പെട്ട സ്‌ത്രീകളെ സഹായിക്കുന്നതിനാണ് ലഡ്‌കി ബഹിന്‍ പദ്ധതി ആരംഭിച്ചത്. പുരുഷന്മാര്‍ അതിന്റെ ഗുണഭോക്‌താക്കളാകേണ്ട കാര്യമില്ല. പണം തിരിച്ചുപിടിക്കും. സഹകരിച്ചില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കും.’- ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. പുരുഷന്‍മാര്‍ ഗുണഭോക്‌തൃപട്ടികയില്‍ ഉള്‍പ്പെട്ടു എന്നതു മാത്രമല്ല പ്രശ്‌നം. അനര്‍ഹരായ നിരവധിപ്പേര്‍ അംഗങ്ങളായതു കാരണം ഇതുവരെ 1,640 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായും കണക്കാക്കപ്പെടുന്നു.
ചട്ടപ്രകാരം ഒരു കുടുംബത്തില്‍നിന്നു പരമാവധി രണ്ടുപേര്‍ക്കാണു ആനുകൂല്യം നല്‍കുന്നത്. എന്നാല്‍, ഒരേ കുടുംബത്തില്‍നിന്നു മൂന്നാം അംഗമായി 7.97 ലക്ഷത്തിലധികം സ്‌ത്രീകള്‍ അംഗങ്ങളായിട്ടുണ്ട്. ഇതുവഴി മാത്രം ഖജനാവിന് 1,196 കോടി രൂപ നഷ്‌ടമായി. 65 വയസിനു മുകളിലുള്ള 2.87 ലക്ഷം സ്‌ത്രീകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുവഴി നഷ്‌ടം 431.7 കോടി രൂപ. സ്വന്തമായി നാലുചക്ര വാഹനങ്ങളുള്ള വീടുകളിലെ 1.62 ലക്ഷം സ്‌ത്രീകളും ഗുണഭോക്‌തൃ പട്ടികയിലുണ്ട്.
പദ്ധതിയുടെ നിബന്ധന അനുസരിച്ച്, അത്തരം കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിന് അര്‍ഹതയില്ല.’ പുരുഷന്‍മാര്‍ എങ്ങനെയാണു ഫോമുകള്‍ പൂരിപ്പിച്ചത്? ആരാണ് അവരെ സഹായിച്ചത്? ഏത് കമ്പനിക്കാണ് രജിസ്‌ട്രേഷനായി കരാര്‍ നല്‍കിയത്? ഇതിന് പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ട്. കമ്പനി അന്വേഷിക്കണം, വിഷയം ഒരു എസ്‌ഐടി അല്ലെങ്കില്‍ ഇഡി അന്വേഷിക്കണം.’- എന്‍.സി.പി: എം.പി: സുപ്രിയ സുലെ പറഞ്ഞു.2024 ഡിസംബറില്‍, പദ്ധതിയുടെ സമഗ്രമായ അവലോകനത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍, വനിതാ ശിശുക്ഷേമ മന്ത്രി അദിതി തത്‌കറെ തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നു വ്യക്‌തമാക്കി. ഫെബ്രുവരിയില്‍ അനര്‍ഹരായ അഞ്ചു ലക്ഷം യോഗ്യതയില്ലാത്ത ഗുണഭോക്‌താക്കളെ പട്ടികയില്‍നിന്നു നീക്കിയിരുന്നു.




