ഒരു പ്രളയത്തേക്കാൾ ഭയനാകമായി മറ്റെന്താണുള്ളത്? ഗ്രാമത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലായിരിക്കുമ്പോൾ, ആ വെള്ളത്തിലേക്ക് തൊള്ളായിരത്തോളം പാമ്പുകൾ കൂടി ഒഴുക്കിൽപ്പെട്ട് ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ചൈനയിലുണ്ടായ കനത്ത പ്രളയത്തിൽ ഇതിനകം തന്നെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഉരുൾപൊട്ടൽ, വീടുകളുടെ നാശനഷ്ടങ്ങൾ, കനത്ത കൊടുങ്കാറ്റ് തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുകയും ചെയ്യുകയാണ്.
കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തി മൂർഖൻ ഉൾപ്പെടെ ഒൻപതിനായിരത്തോളം വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്ന് പുറത്തുചാടി. വെള്ളപ്പൊക്കത്തിൽ തകർന്ന ഫാമിൽനിന്ന് ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയ പാമ്പുകളെ നാട്ടുകാർ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗുവാങ്സി പ്രവിശ്യയിലെ ഒരു വലിയ പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്നാണ് ഇവ കൂട്ടത്തോടെ പുറത്തെത്തിയതെന്ന് ചൈനീസ് സർക്കാർ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ചൈനയിൽ മാംസത്തിനും പരമ്പരാഗത മരുന്നുകൾക്കും തോലിനുമായി വിഷപ്പാമ്പുകളെ വൻതോതിൽ വളർത്തുന്ന ഫാമുകൾ സാധാരണയാണ്. പാമ്പുകൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രദേശവാസികൾക്ക് അധികൃതർ കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിരവധി ആളുകൾ ഇതിനകം തന്നെ പാമ്പുകടിയേറ്റ് ചികിത്സയിലാണെന്നും, ഒരു സ്ത്രീ മരണപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, പ്രളയജലത്തിലൂടെ ഒഴുകിയെത്തുന്ന ഈ പാമ്പുകളെ ഭക്ഷണമാക്കുന്നതിന് വേണ്ടിയാണ് നാട്ടുകാരിൽ പലരും പിടികൂടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വലിയ വലകളും മറ്റും ഉപയോഗിച്ച് സാഹസികമായി പാമ്പുകളെ പിടികൂടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മെയ്സാക് ചുഴലിക്കാറ്റും കനത്ത മഴയും ദക്ഷിണ ചൈനയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നദികളും തടാകങ്ങളും കരകവിഞ്ഞതിനൊപ്പം അണക്കെട്ടുകൾക്ക് തകരാർ സംഭവിക്കുകയും ജനവാസ മേഖലകൾ പൂർണ്ണമായി വെള്ളത്തിനടിയിലാകുകയും ചെയ്തു. പ്രളയത്തിൽ ഇതുവരെ ആറുപേർ മരിച്ചതായും ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായും ചൈനീസ് അധികൃതർ അറിയിച്ചു.
ചൈനയിൽ ജൂലൈ ഒന്നിനാണ് ഔദ്യോഗികമായി പ്രളയകാലം ആരംഭിച്ചത്. ‘മെയ്സാക്’ (Maysak) എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയാണ് ഈ പ്രളയത്തിന് കാരണമായത്. ദുരിതബാധിതർക്കായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്താൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടിട്ടുണ്ട്.




