ഇന്‍സുലിന്‍ ദിവസവും കുത്തിവെക്കേണ്ടി വരുന്ന പ്രമേഹരോഗികള്‍ക്ക് വലിയൊരു ആശ്വാസവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. എല്ലാ ദിവസവുമുള്ള കുത്തിവയ്പ്പിന് പകരം ആഴ്ചയില്‍ ഒരു തവണ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന പ്രത്യേകതയുള്ള പുതിയ ഇന്‍സുലിന്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. നൊവൊ നോര്‍ഡിസ്ക് എന്ന ഡാനിഷ് മരുന്ന് കമ്പനിയാണ് ‘അവിക്വലി’ എന്ന പേരില്‍ ഈ പുതിയ ഇന്‍ജക്ഷന്‍ വിപണിയിലെത്തിച്ചത്.
വര്‍ഷത്തില്‍ 365 ദിവസവും തുടര്‍ച്ചയായി ഇന്‍സുലിന്‍ എടുക്കുന്നതിന് പകരം, ഇനിമുതല്‍ ആകെ 52 തവണ മാത്രം കുത്തിവയ്പ്പ് നടത്തിയാല്‍ മതി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. രോഗികളുടെ ജീവിതം എളുപ്പമാക്കുന്ന ഇത്തരമൊരു പ്രതിവാര ഇന്‍സുലിന്‍ കുത്തിവയ്പ്പ് ലോകത്തില്‍ തന്നെ ആദ്യമായാണ് പുറത്തിറക്കുന്നതെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവർക്കായി ഫ്ലെക്സ്ടച്ച് എന്ന പെൻ ഉപകരണം വഴിയാണ് ഈ ഇൻസുലിൻ നൽകുന്നത്. ദിവസേനയുള്ള കുത്തിവെയ്പ്പുകളോടുള്ള ഭയം കാരണം രോഗികൾ ഇൻസുലിൻ ചികിത്സ വൈകിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. ഈ ഇൻസുലിൻ ഡെന്മാർക്കിൽ നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ സാധാരണക്കാർക്കും ഇത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. 700 യൂണിറ്റ് അടങ്ങിയ 1 മില്ലി ലിറ്റർ പെന്നിന് 2,611 രൂപയും, 2,100 യൂണിറ്റ് അടങ്ങിയ 3 മില്ലി ലിറ്റർ പെന്നിന് 7,833 രൂപയുമാണ് വില. ഒരാൾക്ക് ആഴ്ചയിൽ ഏകദേശം 70 യൂണിറ്റ് ആവശ്യമായി വന്നാൽ, ഒരാഴ്ചത്തെ ചെലവ് ഏകദേശം 261-263 രൂപ മാത്രമായിരിക്കും. നിലവിലുള്ള മറ്റ് ഇൻസുലിനുകളേക്കാൾ കുറഞ്ഞ വിലയും ആഴ്ചയിലൊരിക്കൽ മാത്രം എടുത്താൽ മതിയെന്ന സൗകര്യവും ഉള്ളതിനാൽ കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രമേഹ ചികിത്സയ്ക്ക് പുറമെ അമിതവണ്ണത്തിനുള്ള തങ്ങളുടെ മറ്റ് നൂതന മരുന്നുകളും ഇന്ത്യയിൽ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
ദിവസവും ഓരോ കുത്തിവെയ്പ്പ് എടുക്കുന്നതിന് പകരം ആഴ്ചയിലൊരിക്കൽ ചെറിയ അളവിൽ ഇത് ശരീരത്തിലേക്ക് എത്തുമ്പോൾ, ഏഴ് ദിവസങ്ങളിലായി വളരെ സാവധാനത്തിലും കൃത്യമായും ഇത് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് അപകടകരമാംവിധം താഴേക്കുപോകുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ എന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു. ഇതുവഴി ചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാകുമെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് 18 വയസ്സിന് മുകളിലുള്ളവർക്കായി ഈ മരുന്നിന് അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ പ്രമേഹ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. ഏകദേശം 10.1 കോടി ജനങ്ങൾ പ്രമേഹ രോഗബാധിതരും 13.6 കോടി ആളുകൾ പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥയിലുമാണ് (Prediabetes). ഇൻസുലിൻ എടുക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും, ദിവസേനയുള്ള കുത്തിവെയ്പ്പുകളോടുള്ള പേടിയും നിരന്തരമായ രക്തപരിശോധനയും കാരണം ഭൂരിഭാഗം ആളുകളും ഇൻസുലിൻ ചികിത്സ ആരംഭിക്കാൻ ശരാശരി ഏഴ് മുതൽ ഒമ്പത് വർഷം വരെ വൈകിക്കാറുണ്ട്. ഇന്ത്യയിൽ പ്രമേഹ രോഗികളിൽ മൂന്നിൽ ഒരാൾക്ക് മാത്രമേ നിലവിൽ രോഗം നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നുള്ളൂ എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ, നോവോ നോർഡിസ്കിന്റെ ഈ പുതിയ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ പ്രമേഹ ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിന് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




