Featured Spotlight

പീഡനക്കേസ് പ്രതിയായ ജ്യോത്സ്യനു പാദപൂജ, കുടപിടിച്ചു നൽകി വനിതാ കമ്മിഷൻ അധ്യക്ഷ- വിവാദ വീഡിയോ

മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജ്യോതിഷി അശോക് ഖരാട്ടിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചക്രങ്കര്‍ വിവാദക്കുരുക്കില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.

വിരമിച്ച മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമാണു അശോക് ഖരാട്ട്,. 35 വയസുകാരിയായ സ്ത്രീയെ മൂന്ന് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നാസിക്ക് പോലീസ് അയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അയാളുടെ കൈവശം അശ്ലീല വീഡിയോകള്‍ പെന്‍ഡ്രൈവുകള്‍ കണ്ടെത്തിയിരുന്നു.

മതചടങ്ങുകളുടെ മറവില്‍ സ്ത്രീകളെ സ്വാധീനിച്ച് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഖരാട്ട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. അയാള്‍ക്കെതിരേ ബലാത്സംഗം, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. നാസിക്കിലെ മിര്‍ഗാവ് ശ്രീ ഇഷനേശ്വര്‍ മഹാദേവ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് ഖരാട്ട്.

നിരവധി രാഷ്ട്രീയക്കാരും പ്രമുഖ വ്യക്തികളും മുന്‍പ് ഖരാട്ടിനെ സന്ദര്‍ശിച്ചിട്ടുണ്ട്. രൂപാലി ചക്രങ്കര്‍ അശോക് ഖരാട്ടിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം കനത്തത്. ഈ ദൃശ്യങ്ങളില്‍ അവര്‍ ഒരുമിച്ച് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതായി കാണാം. മറ്റൊരു വിഡിയോയിൽ അശോക് ഖരാട്ടിന്റെ പാദപൂജ ചെയ്യുന്ന രൂപാലിയേയും കാണാം.
എന്നാല്‍, ഖരാട്ടുമായുള്ള ബന്ധം വളരെ പരിമിതമാണെന്നും ആരോപണങ്ങളെക്കുറിച്ച് അറിവുമില്ലെന്നും രൂപാലി പറഞ്ഞു. എന്‍.സി.പി. രൂപാലി യുടെ രാജി ആവശ്യപ്പെട്ടു.