Featured Oddly News

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കംചെയ്തു, ഇനി ഹരീഷ് റാണ മെല്ലെ, മെല്ലെ… ഇന്ത്യയിലെ ആദ്യ ദയാമരണം

ന്യൂഡല്‍ഹി: 2013-ല്‍ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണ്ട് ഗുരുതരമായി പരുക്കേറ്റ് കോമ അവസ്ഥയിലായ ഗാസിയാബാദ് സ്വദേശി ഹരീഷ് റാണ(32)യുടെ ദയാമരണത്തിനുള്ള നടപടി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിച്ചു.

അദ്ദേഹത്തിന്റെ ശീരത്തില്‍ ഘടിപ്പിച്ചിരുന്ന വെന്റിലേറ്റര്‍, മറ്റ് ജീവന്‍ രക്ഷാ സംവിധാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. കൂടാതെ തീവ്രപരിചരണ മുറിയില്‍നിന്ന് സാധാരണ കിടക്കയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വാട്ടര്‍ ട്യൂബ്, ഫീഡിങ് ട്യൂബും നീക്കം ചെയ്തു.

ആശുപത്രി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഹരീഷ് റാണയുടെ ആരോഗ്യനില ഇപ്പോള്‍ സ്ഥിരമാണ്. സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന്, മെഡിക്കല്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിക്കും. ഫീഡിങ് ട്യൂബ് നീക്കം ചെയ്തിട്ടുണ്ടെങ്കിലും, ഡോക്ടര്‍മാര്‍ ഇപ്പോഴും തലച്ചോറിന് ആശ്വാസം നല്‍കുന്ന മരുന്നുകള്‍ നല്‍കുന്നുണ്ട്.ഹരീഷ് റാണയുടെ മാതാപിതാക്കളും എയിംസില്‍ അദ്ദേഹത്തോടൊപ്പം തങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ദിവസേന കൗണ്‍സലിങ് നല്‍കുന്നുണ്ട്.

ഇന്ത്യയില്‍ നിഷ്‌ക്രിയ ദയാമരണത്തിനു വിധേയനാകുന്ന ആദ്യവ്യക്തിയാണ് ഹരീഷ് റാണ. ഡല്‍ഹി എയിംസിലാണ് അദ്ദേഹത്തിന്റെ ദയാമരണ നടപടിക്രമങ്ങള്‍ നടക്കുന്നത്. നിഷ്‌ക്രിയ ദയാമരണം നടത്തുന്നതിനായി, ഡല്‍ഹി എയിംസിലെ അനസ്‌തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ന്യൂറോ സര്‍ജറി, ഓങ്കോ-അനസ്‌തേഷ്യ, പാലിയേറ്റീവ് മെഡിസിന്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് ഈ സംഘത്തിലുള്ളത്.

സാധാരണയായി ഈ പ്രക്രിയയില്‍ പോഷകാഹാര പിന്തുണ ക്രമേണ നിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്യുന്നു, അതോടൊപ്പം മതിയായ വേദനസംഹാരികള്‍ ഉറപ്പാക്കുന്നു. രോഗി ദുരിതത്തിലാകാതിരിക്കാന്‍ പാലിയേറ്റീവ് സെഡേഷന്‍ നല്‍കുന്നു.