Featured Spotlight

ജനപ്രീതി കൂട്ടാൻ വെടിവയ്പ്പ് നാടകം? ട്രംപിനെതിരെ പരിഹാസവുമായി ഇറാൻ അനുകൂല ആനിമേഷൻ വിഡിയോ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പിനെ പരിഹസിച്ച് ഇറാൻ പുറത്തിറക്കിയ ഒരു ആനിമേഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ലെഗോ കളിപ്പാട്ടങ്ങളുടെ മാതൃകയിലുള്ള ഈ വിഡിയോയിലൂടെ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തെയും വൈറ്റ് ഹൗസിലെ സുരക്ഷാ വീഴ്ചകളെയുമാണ് പരിഹസിക്കുന്നത്. ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ ശ്രദ്ധ തിരിക്കാനായി അദ്ദേഹം തന്നെ നടത്തുന്ന നാടകമാണിതെന്നാണ് വിഡിയോയിലെ പ്രധാന ആരോപണം. ‘നിങ്ങളുടെ പോളുകൾ ഇടിയുമ്പോഴെല്ലാം നിങ്ങൾ ഇതേ തന്ത്രമാണ് പുറത്തെടുക്കുന്നത്’ എന്ന വരികളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രംപ് ഒരു അഹംഭാവി ആണെന്നും എന്നാൽ അതീവ ദുർബലനായ നേതാവാണെന്നും വിഡിയോയിൽ വിശേഷിപ്പിക്കുന്നു. പൊതുവേദികളിൽ വലിയ കരുത്തനായി സ്വയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴും അണിയറയിൽ ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് വിഡിയോ അവകാശപ്പെടുന്നു. ട്രംപിന്റെ സ്വന്തം അനുയായികൾ പോലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോരായ്മകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും വിഡിയോയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

ഇറാൻ അനുകൂലികളായ എക്സ്പ്ലോസീവ് മീഡിയ എന്ന ഗ്രൂപ്പാണ് ഈ ആനിമേഷന് പിന്നിലെന്നാണ് സൂചന. ഇത്തരത്തിലുള്ള വിഡിയോകൾ മുൻപും പ്രചരിപ്പിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യം ഈ ഗ്രൂപ്പിനെ യൂട്യൂബ് നിരോധിച്ചിരുന്നു. രാഷ്ട്രീയമായ പരിഹാസങ്ങൾ നിറഞ്ഞ ഈ വിഡിയോ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.