ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ ടോസിനെച്ചൊല്ലി വലിയ വിവാദം പുകയുന്നു. ടോസ് യഥാർത്ഥത്തിൽ ആർക്കാണ് ലഭിച്ചത് എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ തർക്കം ഉടലെടുത്തത്.
മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ നാണയം മുകളിലേക്കിട്ടപ്പോൾ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിച്ചിരുന്നു. എന്നാൽ നാണയം താഴെ വീണ സമയത്ത് ക്യാമറ ആംഗിൾ പെട്ടെന്ന് മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയാണ് ടോസ് ജയിച്ചതെന്ന് പ്രഖ്യാപിച്ചെങ്കിലും നാണയത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ കാണിക്കാതിരുന്നത് സംശയങ്ങൾക്ക് ഇടയാക്കി. സാധാരണയായി ടോസ് ഇട്ടാലുടൻ ക്യാമറ നാണയത്തിലേക്ക് ഫോക്കസ് ചെയ്യാറുള്ളതാണ്.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. മുംബൈ ഇന്ത്യൻസിനെ സഹായിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടെന്ന് ആരാധകർ ആരോപിക്കുന്നു.
ഹാർദിക് പാണ്ഡ്യ നാണയം എറിയുന്നതും ക്യാമറ മാറുന്നതും ടോസ് മുംബൈ ജയിക്കുന്നതും ഒരത്ഭുതം പോലെയാണെന്ന് എക്സിൽ (ട്വിറ്റർ) ആരാധകർ കുറിച്ചു. മുംബൈയുടെ മത്സരങ്ങളിൽ മാത്രം എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതെന്നും ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേക്ഷണാവകാശം ജിയോ സ്വന്തമാക്കിയതിലൂടെ ഇത്തരം ഇടപെടലുകൾ നടക്കുന്നുണ്ടോ എന്നും ആരാധകർ ചോദ്യം ഉന്നയിക്കുന്നുണ്ട്.




