ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ ഒരു ‘സ്മാർട്ട് പില്ലോ’ (സ്മാർട്ട് തലയണ) വികസിപ്പിച്ചെടുത്തു. ഫോൺ മാറ്റിവെച്ച് സ്ക്രീനിലേക്ക് നോക്കാതെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകളോ കഥകളോ കേട്ട് ഉറങ്ങാൻ സഹായിക്കുന്നതാണ് ഈ കണ്ടുപിടുത്തം.
സാധാരണ തലയണയ്ക്കുള്ളിൽ സ്പീക്കറുകളും സെൻസറുകളും ഘടിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക ആപ്പ് വഴി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ തലയണയിൽ തൊടുകയോ അമർത്തുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നതിലൂടെ ശബ്ദം നിയന്ത്രിക്കാനാകും. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് കണ്ണ് തുറക്കാതെ തന്നെ ഡിജിറ്റൽ വിനോദങ്ങൾ ആസ്വദിക്കാൻ ശാസ്ത്രജ്ഞർ ഈ വഴി കണ്ടെത്തിയത്.
ഡോ. ഷിയാങ്‌ഹുവ ഡിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം 2026 മാർച്ച് 9-ന് ചിക്കാഗോയിൽ നടന്ന കോൺഫറൻസിലാണ് ഈ ഗവേഷണഫലം അവതരിപ്പിച്ചത്. ഉറക്കത്തിന് മുൻപുള്ള മൊബൈൽ ഉപയോഗം ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോ. ഡിങ്ങ് പറയുന്നു. എന്നാൽ ഫോണിലൂടെ ലഭിക്കുന്ന മാനസിക ഉല്ലാസം ഒഴിവാക്കാതെ തന്നെ, തലയണയുടെ സഹായത്തോടെ ദോഷവശങ്ങൾ കുറയ്ക്കുകയാണ് ഈ സാങ്കേതികവിദ്യ ചെയ്യുന്നത്.
ഒരു പൂച്ചയുടെ മുഖം എംബ്രോയ്ഡറി ചെയ്ത രീതിയിലാണ് ഈ തലയണയുടെ ഡിസൈൻ. ഇതിന്റെ ചെവികളിലും നെറ്റിയിലുമുള്ള സെൻസറുകൾ വഴി പാട്ടുകൾ മാറ്റാനും നിർത്താനും സാധിക്കും. ഉറക്കത്തിനിടയിൽ അബദ്ധത്തിൽ സെൻസറുകൾ പ്രവർത്തിക്കാതിരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 16 സന്നദ്ധപ്രവർത്തകർക്കിടയിൽ നടത്തിയ പരീക്ഷണത്തിൽ, ഇത് മാനസിക സമ്മർദ്ദം കുറയ്ക്കാനും സുഖമായി ഉറങ്ങാനും സഹായിക്കുമെന്ന് കണ്ടെത്തി. ഈ ഗവേഷണം ഒരു വാണിജ്യ ഉൽപ്പന്നമായി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ.




