കൊട്ടിയം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി പരേതനായ സജീവിന്റെ മകൻ തേജസ് (അമ്പാടി–19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ (ടുട്ടു–19), വിനു (26), പ്രിജിത്, ഇവർക്ക് അഭയം നൽകിയ അഖിൽരാജ് (29), കൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരെ കൊട്ടിയം പൊലീസ് പിടികൂടി.
ശനിയാഴ്ച രാത്രി എട്ടരയോടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. റോഡിലൂടെ നീങ്ങിയ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ തേജസ് പ്രതികളുടെ കാലിൽ അറിയാതെ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആദിത്യനും സംഘവും തേജസിനെ വളഞ്ഞിട്ട് മർദിക്കുകയും കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിലും ഇടുപ്പിലും കുത്തുകയുമായിരുന്നു.
ഫ്ലോട്ടിലെ വലിയ ശബ്ദവും വർണ്ണവിളക്കുകളും കാരണം തേജസിനു കുത്തേറ്റതോ നിലവിളിച്ചതോ ആരും അറിഞ്ഞില്ല. പ്രതികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. തേജസ് കുഴഞ്ഞുവീണത് നൃത്തത്തിനിടയിലാണെന്ന് കരുതി ചിലർ റോഡരികിലേക്ക് മാറ്റി കിടത്തി. പിന്നീട് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് കുത്തേറ്റ വിവരം തേജസ് പറയുന്നത്. വഴിയിലൂടെ പോയ വാഹനങ്ങൾ നിർത്താൻ തയാറാകാതിരുന്നതിനെത്തുടർന്ന് ഒടുവിൽ ഒരു ഐസ് വണ്ടിയിലാണ് തേജസിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ നില ഗുരുതരമായതോടെ രാത്രി 11.30-ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഒളിവിൽ പോയ പ്രതികൾക്കായി ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിൽ നടത്തിയാണ് വെളിച്ചിക്കാലയിലെ ഒരു വീട്ടിൽ നിന്ന് ഇവരെ പിടികൂടിയത്. പ്രതികളിൽ ഒരാളായ വിനു മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ കോടതിയിലും മറ്റുള്ളവരെ സാധാരണ കോടതിയിലും ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട തേജസിന്റെ മാതാവ് സൗമ്യയും സഹോദരി ലച്ചുവുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




