Sports

13വര്‍ഷത്തെ ആ ‘ശാപം’ അങ്ങ് തീർത്തു, കൊൽക്കത്തയെ തകർത്ത് മുംബൈ; രോഹിതും റിക്കൽട്ടനും ‘അടിച്ചുതകർത്തു

ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശകരമായ വിജയം. മുൻ നായകൻ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ആറ് വിക്കറ്റിനാണ് മുംബൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ 13 വർഷമായി സീസണിലെ ആദ്യ മത്സരത്തിൽ തോൽക്കുന്നു എന്ന ശാപം മാറ്റിക്കുറിക്കാനും മുംബൈക്ക് സാധിച്ചു. 2012-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച ശേഷം ആദ്യമായാണ് മുംബൈ ഒരു സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയിക്കുന്നത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു.

കഴിഞ്ഞ ഐപിഎല്ലിന് ശേഷം ആദ്യമായി ട്വന്റി20 കളിക്കാനിറങ്ങിയ രോഹിത് ശർമ്മ പഴയ ഫോമിലേക്ക് തിരിച്ചെത്തിയ കാഴ്ചയാണ് മുംബൈയിൽ കണ്ടത്. വെറും 38 പന്തിൽ നിന്ന് 6 സിക്സറുകളും 6 ഫോറുകളും ഉൾപ്പെടെ 78 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. മറുവശത്ത് 43 പന്തിൽ 81 റൺസ് നേടിയ റയാൻ റിക്കൽട്ടൻ രോഹിത്തിന് മികച്ച പിന്തുണ നൽകി. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ തുടങ്ങിയ കെകെആറിന്റെ സ്പിൻ കരുത്തിനെ ഇരുവരും ചേർന്ന് അനായാസം നേരിട്ടു. ഒന്നാം വിക്കറ്റിൽ 148 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യയും (18*) നമൻ ധീറും (5*) ചേർന്നാണ് മുംബൈയെ വിജയതീരത്തെത്തിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ക്യാപ്റ്റൻ അജിൻക്യ രഹാനെയും (67) അങ്ക്രിഷ് രഘുവംശിയും (51) അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ഒരു ഘട്ടത്തിൽ കൊൽക്കത്ത 250 റൺസ് കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡെത്ത് ഓവറുകളിൽ ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും റൺസ് വിട്ടുകൊടുക്കുന്നതിൽ കാണിച്ച നിയന്ത്രണം സ്കോർ 220-ൽ ഒതുക്കി. മുംബൈയ്ക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രഹാനെ മികച്ച പ്രകടനം നടത്തിയെങ്കിലും മത്സരത്തിനിടയിൽ പേശിവലിവിനെത്തുടർന്ന് അദ്ദേഹം മൈതാനം വിട്ടത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. മുംബൈയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിന് മുന്നിൽ കൊൽക്കത്ത ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല.