Featured Spotlight

ഇനി ‘നോ എൻട്രി’; ചൈനീസ് സിസിടിവി ക്യാമറകൾ ഏപ്രിൽ 1 മുതൽനിരോധിക്കാൻ ഇന്ത്യ

ഏപ്രിൽ 1 മുതൽ ചൈനീസ് വീഡിയോ നിരീക്ഷണ കമ്പനികളായ ഹിക്വിഷൻ , ദാഹുവ എന്നിവയുടെ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറകൾ ഇന്ത്യയിൽ വിൽക്കുന്നത് സർക്കാർ നിരോധിക്കുന്നു. രാജ്യസുരക്ഷ കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. ഇന്ത്യയിലെ നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ചൈനീസ് സാങ്കേതിക കമ്പനികൾക്കെതിരെയുള്ള ഏറ്റവും ശക്തമായ നീക്കമാണിതെന്ന് കരുതപ്പെടുന്നു.

പുതിയ നിയമപ്രകാരം, നിരീക്ഷണ ഉപകരണങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിന് മുമ്പ് സർക്കാർ സർട്ടിഫിക്കേഷൻ നേടണം. ഓരോ ക്യാമറയിലും ഉപയോഗിച്ചിരിക്കുന്ന പ്രൊസസ്സർ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ഏത് രാജ്യത്തുനിന്നുള്ളതാണെന്ന് കമ്പനികൾ വ്യക്തമാക്കണം. കൂടാതെ, പുറത്തുനിന്നുള്ളവർക്ക് അനധികൃതമായി ക്യാമറകൾ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ അംഗീകൃത ലാബുകളിൽ ഇവ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. നിലവിൽ 507 സിസിടിവി മോഡലുകൾക്ക് സർക്കാർ ഈ അനുമതി നൽകിയിട്ടുണ്ട്.

വിമാനത്താവളങ്ങൾ, സർക്കാർ ഓഫീസുകൾ, ഗതാഗത സംവിധാനങ്ങൾ തുടങ്ങി അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാലാണ് ഇവയെ നിർണായക വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ക്യാമറകളിലൂടെയുള്ള വിവരങ്ങൾ വിദേശ സെർവറുകളിലേക്ക് ചോരാൻ സാധ്യതയുണ്ടെന്ന സുരക്ഷാ ഏജൻസികളുടെ ആശങ്കയാണ് ഈ നടപടിക്ക് പിന്നിൽ.

ഏകദേശം $5 ബില്യൺ മുതൽ $7.5 ബില്യൺ വരെ മൂല്യമുള്ളതാണ് ഇന്ത്യയിലെ വീഡിയോ നിരീക്ഷണ വിപണി. വിലക്കുറവും വിപുലമായ വിതരണ ശൃംഖലയും കാരണം മുൻപ് ഇന്ത്യയിലെ സിസിടിവി വിപണിയുടെ മൂന്നിലൊന്ന് ഭാഗവും ചൈനീസ് കമ്പനികളുടെ കൈവശമായിരുന്നു. എന്നാൽ 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, വിപണിയുടെ 80 ശതമാനവും സിപി പ്ലസ്, ക്യൂബോ , പ്രമ , മാട്രിക്സ് , സ്പർശ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ സ്വന്തമാക്കി കഴിഞ്ഞു. തായ്‌വാൻ നിർമ്മിത ചിപ്പുകളും തദ്ദേശീയമായ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചാണ് ഇവർ ഇപ്പോൾ ഈ മേഖലയിൽ മുന്നേറുന്നത്.

ചൈനീസ് സാങ്കേതികവിദ്യയിലുള്ള അമിത ആശ്രിതത്വം കുറച്ച്, വിശ്വസനീയമായ ആഭ്യന്തര നിർമ്മാതാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. നേരത്തെ ടിക്‌ടോക് പോലുള്ള ചൈനീസ് ആപ്പുകൾക്കും ഹുവാവേ തുടങ്ങിയ ടെലികോം കമ്പനികൾക്കും ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അമേരിക്കയും ഇതിനോടകം തന്നെ ദേശീയ സുരക്ഷ മുൻനിർത്തി ഹിക്വിഷൻ, ദാഹുവ എന്നീ കമ്പനികളെ നിരോധിച്ചിട്ടുണ്ട്.