ബോഡിബിൽഡിംഗിന്റെ അവിഭാജ്യഘടകമാണ് ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമവും ചിക്കൻ, മുട്ട, ഇറച്ചി വിഭവങ്ങളും. അപ്പോള്‍ വെജിറ്റേറിയന്‍മാര്‍ എന്തുചെയ്യും? അവര്‍ക്കും വേണ്ടേ ദൃഢപേശികളും മസിലുകളും? കരുത്തും പേശീബലവും വർദ്ധിപ്പിക്കാൻ എപ്പോഴും മാംസാഹാരം തന്നെ വേണമെന്നില്ല എന്ന് തെളിയിക്കുന്ന ഫിറ്റ്‌നസ് ക്രിയേറ്റർമാരെ ഇന്ന് സോഷ്യൽ മീഡിയയിൽ ധാരാളമായി കാണാം. അത്തരത്തിൽ ഇന്റർനെറ്റിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളാണ് തമൽ കൃഷ്ണ കൃപാ ദാസ്.
സനാതന ധർമ്മ വിശ്വാസിയായ ഈ പ്രൊഫഷണൽ ബോഡിബിൽഡർ, ഒരു “ശുദ്ധ സസ്യാഹാരിയായ ബോഡിബിൽഡർ” ആണ്. തന്റെ പ്രഭാതഭക്ഷണത്തിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിൽ ജനിച്ച തമൽ 2009-ലാണ് ഇന്ത്യയിലേക്ക് മാറിയത്. ഇപ്പോൾ മായാപൂരിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ ഫിറ്റ്‌നസിനെയും ആത്മീയതയെയും കോർത്തിണക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഈ പ്രഭാതഭക്ഷണ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകൾ ഏറ്റെടുത്തു.
ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപ് വൃത്തി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തമൽ വീഡിയോ ആരംഭിക്കുന്നത്. പുറത്തുനിന്നുള്ള പൊടിയും ബാക്ടീരിയകളും ഉള്ളതിനാൽ പഴങ്ങളും മറ്റ് സാധനങ്ങളും കൃത്യമായി കഴുകണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ലളിതമെങ്കിലും പോഷകസമൃദ്ധവും വർണ്ണാഭവുമാണ് അദ്ദേഹത്തിന്റെ പ്രഭാതഭക്ഷണം.
മാമ്പഴം, ഓറഞ്ച്, പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, കട്ടത്തൈര്, പിസ്ത എന്നിവയാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം വളരെ ശ്രദ്ധയോടെ മുറിച്ചൊരുക്കിയ ശേഷമാണ് അദ്ദേഹം കഴിക്കുന്നത്. എന്നാൽ തന്നെ സംബന്ധിച്ച് ഭക്ഷണത്തിന് മാത്രല്ല പ്രാധാന്യമെന്നും, കഴിക്കുന്നതിന് മുൻപ് താൻ അത് ദൈവത്തിന് സമർപ്പിക്കാറുണ്ടെന്നും തമൽ വ്യക്തമാക്കുന്നു.
തമൽ കൃഷ്ണ കൃപ ദാസിനെ പ്രശംസകൾ കൊണ്ട് മൂടാൻ ഭാരതീയർ ഒട്ടും സമയം കളഞ്ഞില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. “നിങ്ങൾക്ക് ചുറ്റും ശരിക്കും ഒരു ആത്മീയ പ്രഭാവമുണ്ട്” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സനാതന ധർമ്മത്തോടുള്ള അദ്ദേഹത്തിന്റെ ആത്മീയ ബന്ധം കാണുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മറ്റൊരാൾ കൂട്ടിച്ചേർത്തു.
വ്യായാമവും ആരോഗ്യസംരക്ഷണവും എപ്പോഴും കഠിനമായ രീതിയിൽ തന്നെ ചെയ്യേണ്ടതില്ല എന്നതിന്റെ ഓർമ്മപ്പെടുത്തലായിരുന്നു പലർക്കും ഈ വീഡിയോ. ലളിതമായ ഭക്ഷണം, കൃത്യനിഷ്ഠ, ശ്രദ്ധയോടെയുള്ള ശീലങ്ങൾ എന്നിവയിലൂടെയും മികച്ച മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ഈ വീഡിയോ കാണിച്ചുതരുന്നു.




