Featured Spotlight

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്നുതന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം , രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസിന്റെ മന്ത്രിപ്പട്ടിക ഇന്ന് തന്നെ തയ്യാറാകും. ഹൈക്കമാൻഡിന്റെ അംഗീകാരം വാങ്ങിയ ശേഷം പട്ടിക ഇന്ന് ഗവർണ്ണർക്ക് കൈമാറാനാണ് നീക്കം. നാളെ നൽകാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കുകയായിരുന്നു. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാനാണ് ഇപ്പോഴത്തെ ധാരണ. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലും ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും.

അതേസമയം, ലീഗിന് മന്ത്രിസഭയ്ക്ക് പുറത്ത് പ്രത്യേക ക്യാബിനറ്റ് പദവി കൂടി നൽകാൻ സാധ്യതയില്ല. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനാണ് തീരുമാനം. നാളെ വൈകുന്നേരത്തോടെയാകും മന്ത്രിമാരുടെ പൂർണ്ണമായ പട്ടിക ഗവർണർക്ക് സമർപ്പിക്കുക.

മുസ്‌ലിം ലീഗിന് നാല് മന്ത്രിമാർ എന്ന ഫോർമുലയാണ് കോൺഗ്രസ് നേതൃത്വം ആദ്യം മുന്നോട്ടുവെച്ചതെന്നാണ് സൂചന. എന്നാൽ അഞ്ച് മന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെ 21 മന്ത്രിമാരാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. വകുപ്പുകളും മന്ത്രിമാരെയും നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ലീഗ് നേതൃത്വവുമായി നേരിട്ട് ചർച്ച നടത്താൻ വി. ഡി. സതീശൻ നന്ദാവനത്തെ പാണക്കാട് ഹാളിലേക്ക് തിരിച്ചു കഴിഞ്ഞു.

മുസ്ലിം ലീഗ് സാധാരണ കൈവശം വെക്കാറുള്ള വിദ്യാഭ്യാസ വകുപ്പ് ഇത്തവണ കോൺഗ്രസ് തിരിച്ചെടുത്തേക്കുമെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസത്തിന് പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. കൂടാതെ, ഇത്തവണ ചീഫ് വിപ്പ് പദവി വേണ്ടെന്നുവെക്കുന്ന കാര്യവും യുഡിഎഫിന്റെ പരിഗണനയിലുണ്ട്.

മറ്റ് ഘടകകക്ഷികളും തങ്ങൾക്ക് ലഭിക്കേണ്ട പ്രധാന വകുപ്പുകൾക്കായി മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. സി. എം. പി ഇത്തവണ തുറമുഖ വകുപ്പാണ് ആവശ്യപ്പെടുന്നത്. അതേസമയം, ആർ. എസ്. പി ലക്ഷ്യമിടുന്നത് മൂന്ന് പ്രധാന വകുപ്പുകളാണ്; വൈദ്യുതി, ജലവിഭവം, ടൂറിസം വകുപ്പുകൾ തങ്ങൾക്ക് വേണമെന്നാണ് അവരുടെ ആവശ്യം. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തങ്ങളുടെ ഡിമാൻഡ് മുന്നണിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പൊതുമരാമത്ത് അല്ലെങ്കിൽ റവന്യൂ വകുപ്പുകളിൽ ഒന്ന് വേണമെന്നാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *