ചെന്നൈ: മാതൃദിനത്തിൽ നടി സരിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഒറ്റയ്ക്ക് മക്കളെ വളർത്തുന്ന ഒരു അമ്മയെന്ന നിലയിൽ (സിംഗിൾ മദർ) താൻ കടന്നുപോയ മുപ്പത് വർഷത്തെ ജീവിതാനുഭവങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും അവർ ഈ പോസ്റ്റിൽ തുറന്നുപറയുന്നു. ഈ വൈകാരികമായ കുറിപ്പിൽ തന്റെ മുൻഭർത്താവും നടനുമായ മുകേഷിന് അവർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
സരിതയുടെ കുറിപ്പ്
“ലോകത്തിലെ എല്ലാ പ്രിയപ്പെട്ട അമ്മമാർക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ! ഒരു സിംഗിൾ മദർ എന്ന നിലയിൽ, ഏറ്റവും കരുത്തയായ ഒരു അമ്മയായി എന്‍റെ ജീവിതം ആഘോഷിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് കൃത്യം 30 വർഷം തികയുകയാണ്… എന്‍റെ രണ്ട് പ്രിയപ്പെട്ട ആൺമക്കൾക്കൊപ്പം ഈ ജീവിതം അനുഭവിച്ചറിയാൻ എനിക്ക് അവസരം നൽകിയതിന് അവരുടെ അച്ഛനോട് ഞാൻ നന്ദി പറയുന്നു.
മക്കൾ വളരുന്നതിനൊപ്പം അവരോടൊപ്പം വളരാനും എനിക്ക് സാധിച്ചു. ആ യാത്രയിൽ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇന്നും ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്… ഞാൻ ഒരു സിംഗിൾ മദർ ആയിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഇന്നും പഴയ ആ പാവം (അറിവില്ലാത്ത) പെൺകുട്ടിയായിത്തന്നെ തുടരുമായിരുന്നു. ഒരുപാട് പ്രതിസന്ധികളെയും തടസ്സങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ദൈവം എനിക്ക് നൽകി. ഓരോ ദിവസവും എന്‍റെ മക്കളുടെ മുഖം കാണുന്നതാണ് എനിക്ക് ജീവിക്കാനുള്ള പ്രചോദനം… ഞാൻ അത്രമാത്രം അനുഗ്രഹിക്കപ്പെട്ടവളാണ്. ഇന്ന് എനിക്ക് മനോഹരമായ ആശംസകൾ അയച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി… എല്ലാവരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു…”
1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം നടന്നത്. പിന്നീട് 2011ൽ ഇവർ നിയമപരമായി വേർപിരിഞ്ഞു. ആന്ധ്ര സ്വദേശിയായ സരിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് സരിതയും മുകേഷും ഒന്നായത്. സരിതയ്ക്ക് പതിനാറ് വയസ്സുള്ളപ്പോഴായിരുന്നു ആദ്യ വിവാഹം. തെലുങ്ക് നടനായ വെങ്കട സുബ്ബയ്യയായിരുന്നു ആദ്യ ഭർത്താവ്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വെറും ആറുമാസം മാത്രമാണ് ആ ബന്ധം നീണ്ടുനിന്നത്. ‘പിസി 369’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് മുകേഷും സരിതയും പ്രണയത്തിലാകുന്നത്.
മുകേഷുമായുള്ള വിവാഹത്തിന് ശേഷം സരിത സിനിമയിൽ അത്ര സജീവമായിരുന്നില്ല. മുകേഷിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ച് സരിത മുൻപ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും മുകേഷ് ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. മുകേഷുമായുള്ള ബന്ധത്തിൽ ശ്രാവൺ, തേജസ് എന്നീ രണ്ട് മക്കളാണ് സരിതയ്ക്കുള്ളത്. നിലവിൽ മക്കൾക്കൊപ്പമാണ് സരിത താമസിക്കുന്നത്.




