ആരാധനാലയങ്ങളുടെ വിശുദ്ധിയും ആചാരങ്ങളും നിലനിര്‍ത്തി വേണ്ടേ സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മിക്കാന്‍ എന്ന വിഷയത്തില്‍ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു ക്ഷേത്രത്തിൽ നിന്നുള്ള ഹ്രസ്വ വീഡിയോ. ക്ഷേത്രദര്‍ശനത്തിനായുള്ള ഭക്തരുടെ വരിയിൽനിന്നുകൊണ്ട് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ തടയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
മറ്റൊരാൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് പെൺകുട്ടി വരിയിൽ നിന്ന് നൃത്തം ചെയ്യുന്നത്. തൊട്ടുപിന്നാലെ അവിടേക്ക് എത്തുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ അവരോട് വരിയിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. വീഡിയോയിലെ ശബ്ദം വ്യക്തമല്ലാത്തതിനാൽ ഉദ്യോഗസ്ഥനും യുവതിയും തമ്മിൽ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. ഈ സംഭവം നടന്ന ക്ഷേത്രം ഏതാണെന്നോ മറ്റ് പശ്ചാത്തലങ്ങളോ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കാര്യങ്ങൾ വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ആരാധനാലയങ്ങൾ റീലുകൾ ചിത്രീകരിക്കാനുള്ള വേദികളാക്കി മാറ്റരുതെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ നടപടിയെ പിന്തുണച്ചാണ് കൂടുതൽ പേരും രംഗത്തെത്തിയത്. എവിടെയും ക്യാമറ തുറന്ന് റീൽസ് ചെയ്യാൻ തുടങ്ങുന്ന ഇന്നത്തെ കാലത്ത് ഇത്തരം നടപടികൾ ആവശ്യമാണെന്നും എല്ലാ സ്ഥലങ്ങളും റീൽസ് ചെയ്യാൻ അനുയോജ്യമല്ലെന്നും ആളുകൾ പ്രതികരിക്കുന്നു. വീഡിയോ എടുത്തയാൾക്കെതിരെയും കർശന നടപടി വേണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.
പല പൊതുസ്ഥലങ്ങളുടെയും ആരാധനാലയങ്ങളുടെയും പവിത്രതയെപ്പോലും മാനിക്കാതെ വൈറൽ ഉള്ളടക്കങ്ങൾ നിർമ്മിക്കാനുള്ള അമിത ഭ്രമമാണ് ഈ സംഭവത്തിലൂടെ കാണാൻ കഴിയുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ചാർ ധാം പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ മൊബൈൽ ഉപയോഗവും റീൽസ് നിർമ്മാണവും നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലേക്കും ആളുകൾ വിരൽ ചൂണ്ടുന്നുണ്ട്. പലരും ഇന്ന് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലെയാണെന്നും ക്ഷേത്രങ്ങൾക്കുള്ളിൽ ഫോണുകളും ക്യാമറകളും നിരോധിച്ചാൽ തിരക്ക് തനിയെ കുറയുമെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിലെ ജനപ്രീതിക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾക്ക് എവിടെയൊക്കെയാണ് പരിധി നിശ്ചയിക്കേണ്ടത് എന്നതിനെക്കുറിച്ചും, ആരാധനാലയങ്ങളുടെ പവിത്രതയും മര്യാദയും എങ്ങനെ കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ചുമുള്ള വലിയൊരു ചർച്ചയ്ക്കാണ് ഈ വൈറൽ വീഡിയോ ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.




