Featured Good News

38,000 ശമ്പളമുള്ള ജോലി വേണ്ടെന്നുവച്ച് ചായക്കട തുടങ്ങി; ഇന്ന് മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ!’റിസ്ക്’ മാറ്റിമറിച്ചത് ഒരു ജീവിതം!

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റോഡരികിൽ ചായക്കട തുടങ്ങിയ തന്റെ അയൽക്കാരന്റെ വരുമാനം മൂന്നിരട്ടിയായി ഉയർന്ന കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് അങ്കിത് പാണ്ഡെ. എക്സ് പ്ലാറ്റ്‌ഫോമിലാണ് തന്റെ അയൽക്കാരന്റെ ധീരമായ ഈ യാത്ര അദ്ദേഹം പങ്കുവെച്ചത്. മുൻപ് ടെലിപെർഫോമൻസ് എന്ന കമ്പനിയിൽ മാസം 38,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. എന്നാൽ ഭാവിയിലെ വർദ്ധിച്ചുവരുന്ന ചെലവുകള്‍ കാരണം മെയ് മാസത്തിൽ അദ്ദേഹം ജോലി രാജി വെക്കുകയായിരുന്നു.

അയൽക്കാരന്റെ ഈ തീരുമാനം തെറ്റാണെന്ന് എല്ലാവരും ആദ്യം കരുതിയെങ്കിലും, അദ്ദേഹം ഏകദേശം 2 ലക്ഷം രൂപ മുടക്കി ഓട്ടോ സ്റ്റാൻഡിന് സമീപം മികച്ച രീതിയിൽ ഒരു ചായക്കട ആരംഭിച്ചു. ചായ ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമായി രണ്ട് വനിതാ ജീവനക്കാരെയും ജോലിക്ക് നിർത്തി. 10 രൂപയുടെ സാധാരണ ചായയും 20 രൂപയുടെ പ്രീമിയം ചായയുമാണ് കടയിലെ പ്രധാന വിഭവങ്ങൾ. നിലവിൽ പ്രതിദിനം 400 കപ്പ് ചായയോളം വിൽപ്പന നടക്കുന്നുണ്ട്. ഇതിലൂടെ ദിവസം 6,000 രൂപയോളവും മാസത്തിൽ 1.8 ലക്ഷം രൂപയോളവും വരുമാനം ലഭിക്കുന്നു. വാടക, സാധനങ്ങളുടെ ചെലവ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ എല്ലാ പ്രവർത്തനച്ചെലവുകളും കഴിഞ്ഞ് മാസം ഒരു ലക്ഷം രൂപയോളം ആദായമായി അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വട പാവ്, സമോസ, ജിലേബി എന്നിവയുടെ പുതിയൊരു കൗണ്ടർ കൂടി ആരംഭിച്ച സന്തോഷത്തിൽ മധുരപലഹാരങ്ങളുമായി എത്തിയപ്പോഴാണ് അയൽക്കാരൻ ഈ കാര്യങ്ങൾ പങ്കുവെച്ചതെന്ന് അങ്കിത് കുറിച്ചു. പഴയ ജോലിയിൽ തുടർന്നിരുന്നെങ്കിൽ ഇപ്പോഴും 38,000 രൂപ ശമ്പളത്തിൽ അടുത്ത പ്രൊമോഷനായി കാത്തിരിക്കേണ്ടി വന്നേനെ എന്നും, ചിലപ്പോൾ ജീവിതത്തിൽ നമ്മൾ സ്വയം നൽകുന്ന മുന്നേറ്റമാണ് ഏറ്റവും വലിയ ഉയർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ 18,600-ലധികം കാഴ്ചക്കാരെയും നിരവധി ലൈക്കുകളെയും നേടിയ ഈ പോസ്റ്റിന് താഴെ വേറിട്ട പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്. വിജയിക്കുന്ന ഒരു ചായക്കടയ്ക്ക് പിന്നിൽ കുറച്ച് ആഴ്ചകൾക്കുള്ളിൽ പൂട്ടിപ്പോകുന്ന 99 ചായക്കടകൾ വേറെയുമുണ്ടെന്നും, ബിസിനസ്സ് നടത്തുക എന്നത് നിസ്സാര കാര്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ റിസ്ക് എടുക്കാനുള്ള കഴിവാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാവർക്കും അതിനുള്ള ധൈര്യം ഉണ്ടാകില്ലെന്നും പറഞ്ഞ് മറ്റ് ചിലർ ഈ സംരംഭകനെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *