പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ “സൈക്കിൾ ആംബുലൻസ്” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക എയർ ആംബുലൻസുകളും ഡ്രോൺ അടിയന്തര സേവനങ്ങളും ഉപയോഗിക്കുമ്പോൾ, കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ തുടക്കമിട്ട സേവനമാണിതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
“പാകിസ്ഥാൻ ശൈലിയിലുള്ള ഭാവിയിലേക്ക് സ്വാഗതം. ലോകം എയര്‍ ആംബുലൻസുകള്‍ നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് പുറത്തിറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം നടക്കുന്ന കാര്യമാണ്” എന്നായിരുന്നു ഒരു പ്രതികരണം. “സിന്ധ് സർക്കാർ കറാച്ചിക്ക് നൽകിയ വൻ സമ്മാനം കണ്ട് ലോകം അത്ഭുതപ്പെട്ടിരിക്കുകയാണ്. ഈ ആംബുലൻസ് എത്തുന്നതിന് മുൻപ് രോഗി മരിച്ചാൽ മേയറെയോ ആംബുലൻസ് സർവീസിനെയോ കുറ്റം പറയരുത്” എന്നിങ്ങനെ പരിഹാസരൂപേണയുള്ള കുറിപ്പുകളും ഉയർന്നു വന്നു.
എന്നാൽ ഈ വാർത്തയ്ക്ക് പിന്നിൽ മറ്റൊരു പ്രധാന വസ്തുതയുണ്ട്. ഇത് അടുത്തിടെ തുടങ്ങിയ പുതിയ പദ്ധതിയല്ല. 2025 മേയിൽ റെസ്ക്യൂ 1122 ആരംഭിച്ച ഒരു പൈലറ്റ് പ്രോജക്റ്റാണിത്. കറാച്ചിയിലെ ഇടുങ്ങിയ വഴികളിലും കടുത്ത ഗതാഗതക്കുരുക്കുള്ള ജനനിബിഡമായ പ്രദേശങ്ങളിലും സാധാരണ ആംബുലൻസുകൾക്ക് വേഗത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ ആശയം നടപ്പിലാക്കിയത്.
ഓക്സിജൻ മാസ്കുകൾ, നെബുലൈസറുകൾ, ബ്ലഡ് ഷുഗർ ടെസ്റ്റിംഗ് കിറ്റുകൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ തുടങ്ങിയ അവശ്യ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ ഈ പ്രത്യേക സൈക്കിളുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. വലിയ ആംബുലൻസുകൾ എത്തുന്നതിന് മുൻപ് തന്നെ രോഗികൾക്ക് അടിയന്തര വൈദ്യസഹായം നൽകാൻ പരിശീലനം ലഭിച്ച വളണ്ടിയർമാർക്ക് ഇതിലൂടെ സാധിക്കും. പരിശീലനം ലഭിച്ച വനിതാ വളണ്ടിയർമാരാണ് ഈ സേവനം നടത്തുന്നത് എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. അടിയന്തര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം കമ്മ്യൂണിറ്റി റസ്ക്യൂ സേവനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
അടിയന്തര സഹായം എത്തിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൃത്യസമയത്ത് പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്നാണ് റെസ്ക്യൂ 1122 സിഇഒ ബ്രിഗേഡിയർ (റിട്ട.) താരിഖ് ഖാദിർ ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. കറാച്ചിയിലെ നഗര സാഹചര്യങ്ങൾ പരിഗണിച്ചുള്ള പ്രായോഗിക പരിഹാരമായാണ് ഇത് അവതരിപ്പിച്ചത് അല്ലാതെ സാധാരണ ആംബുലൻസ് സർവീസുകൾക്ക് പകരമായല്ലെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.




