Crime Featured

‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’; സ്വര്‍ണം തട്ടിയ കേസില്‍ കുറിപ്പ് പുറത്ത്, ഉടമയെ പറ്റിച്ച ജീവനക്കാരെ കൂട്ടുകാരി ചതിച്ചു !

സ്ഥാപന ഉടമയെ ജീവനക്കാരികൾ പറ്റിച്ചപ്പോൾ ആ ജീവനക്കാരികളെ സ്വന്തം കൂട്ടുകാരി തന്നെ ചതിച്ചു. വിഴിഞ്ഞത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ നടന്നത് ഇതാണ്. തിരുവനന്തപുരം സൂര്യ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരികളായ രണ്ടു യുവതികൾ പണത്തിന് വേണ്ടി കൂട്ടുകാരിക്ക് സ്വർണം പണയം വെയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ പറഞ്ഞ സമയമായിട്ടും സ്വർണം തിരികെ കിട്ടാതായതോടെയാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്.

ഷാർജ ഷെയ്ക്കിൽ എലിവിഷം കലർത്തി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വെണ്ണിയൂർ നെല്ലിവിള ജയ ഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരണപ്പെട്ടത്. സൂര്യ ഫിനാൻസിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഇതേ രീതിയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ വെങ്ങാനൂർ അമരിവിള ശാഖയിലെ മുപ്പത്തിരണ്ടുകാരിയായ മറ്റൊരു ജീവനക്കാരി നിലവിൽ ചികിത്സയിലാണ്. ഈ കേസിൽ ഇവരുടെ സുഹൃത്തായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി മരണത്തിന് തൊട്ടുമുമ്പ് എഴുതിയ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ആകെ 70 പവൻ സ്വർണമാണ് ഇവർ സിന്ധുവിന് പണയം വെയ്ക്കാൻ നൽകിയിരുന്നത്. ‘മരിക്കാതെ വേറെ മാർഗമില്ല, നിങ്ങൾ സുഖമായി ജീവിക്കൂ’ എന്ന് അഞ്ജു എഴുതിയ കുറിപ്പിലുണ്ടായിരുന്നു. സ്ഥാപനത്തിലെ സ്വർണം പുറത്ത് പണയം വെയ്ക്കുന്നതിലൂടെ ജീവനക്കാരികൾക്ക് കമ്മീഷൻ ലഭിച്ചിരുന്നതായാണ് വിവരം.

പറഞ്ഞ സമയത്ത് സിന്ധു സ്വർണം തിരികെ നൽകാതിരുന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ഇടപാടുകാർ സ്വർണം തിരിച്ചെടുക്കാൻ എത്തിയതോടെ അഞ്ജു വലിയ മാനസിക സമ്മർദ്ദത്തിലായി. പണം നൽകിയ പലരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ വിവരം സ്ഥാപന ഉടമ അറിഞ്ഞു. തങ്ങൾ ചെയ്ത തട്ടിപ്പ് വെളിച്ചത്തായതോടെയാണ് ജീവനക്കാരികൾ ഇരുവരും ചേർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *