Crime

അഗതി മന്ദിരത്തിലെ ലൈംഗികാതിക്രമം; ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ, പരാതി പിൻവലിക്കാന്‍ ഒരു ലക്ഷം ഓഫര്‍, പിന്നാലെ വധഭീഷണിയും

ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിലായി. ജീവനക്കാരിയോട് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് നടപടിയെടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി, കഴിഞ്ഞ ദിവസം പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണം ഊർജിതമാക്കിയതോടെ മറ്റ് വഴികളില്ലാതെ ആൽബിൻ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ശാന്തിഭവനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന 25-കാരിയാണ് പരാതി നൽകിയത്. മൂന്ന് മാസം മുൻപ് ജോലിക്കെത്തിയ തന്നോട് ആൽബിൻ അപമര്യാദയായി പെരുമാറുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. തുടർച്ചയായി ലൈംഗികച്ചുവയോടെ സംസാരിച്ചതിനെക്കുറിച്ച് യുവതി മാനേജരോട് പരാതിപ്പെട്ടെങ്കിലും, മാനേജരെ ജോലിയിൽ നിന്ന് പുറത്താക്കുകയാണ് ആൽബിൻ ചെയ്തത്. കൂടാതെ യുവതിക്കെതിരെ മോഷണക്കുറ്റം ആരോപിക്കുകയും പരാതി നൽകാതിരിക്കാൻ ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.

പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതി, പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡിജിറ്റൽ തെളിവുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് കേസ് ശക്തമാക്കിയത്. മുൻപ് കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ആൽബിൻ, ജയിൽ മോചിതനായ ശേഷമാണ് ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *