Featured Lifestyle

‘മാറ്റത്തിനും സ്നേഹത്തിനും സമയമെടുക്കും…’: ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അനായ ബംഗാർ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അനായ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

ക്രിക്കറ്റ് താരവും ട്രാൻസ്ജെൻഡർ അവകാശ പ്രവർത്തകയുമായ അനായ, തന്റെ മാറ്റത്തിന്റെ കഥയും അതിന് കുടുംബം നൽകിയ പിന്തുണയും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ചു.

“ഈ യാത്ര എനിക്കും എന്റെ കുടുംബത്തിനും ഒട്ടും എളുപ്പമായിരുന്നില്ല. എന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്ക് സമയമെടുത്തു. തുടക്കത്തിൽ എല്ലാവരിലും ഒട്ടേറെ സംശയങ്ങളും ചോദ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് എനിക്ക് എല്ലാവരോടും നന്ദി മാത്രമേയുള്ളൂ.” അനായ കുറിച്ചു. തന്റെ ജീവിതത്തിലെ ഈ പ്രധാന ഘട്ടത്തിൽ അച്ഛന്റെ പിന്തുണ വലിയ കരുത്തായെന്നും, ആ സ്നേഹം ആത്മാർഥവും നിരുപാധികവുമാണെന്നും അനായ കൂട്ടിച്ചേർത്തു.

“ഈ ശസ്ത്രക്രിയ വലിയൊരു ചുവടുവെപ്പായിരുന്നു. അച്ഛൻ കൂടെയുള്ളത് കൊണ്ടാണ് ഇത് സാധ്യമായതെന്ന് എനിക്ക് തോന്നുന്നത്. മാറ്റങ്ങൾക്കും സ്നേഹത്തിനും സമയമെടുക്കും, പക്ഷേ അത് ലഭിക്കുമ്പോൾ വലിയ വിലപ്പെട്ടതാണ്.” അനായ പോസ്റ്റിൽ പറഞ്ഞു.

നേരത്തെ, ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും അച്ഛൻ സഞ്ജയ് ബംഗാർ തന്നെയായിരുന്നു വഹിച്ചത്. സഞ്ജയ് ബംഗാറിന്റെ മകനും ആഭ്യന്തര ക്രിക്കറ്റ് താരവുമായിരുന്ന ആര്യൻ ബംഗാറാണ് അനായ എന്ന പേര് സ്വീകരിച്ച് ട്രാൻസ് വുമൺ ആയി മാറിയത്. 2024-ൽ ഹോർമോൺ ചികിത്സ ആരംഭിച്ച അനായ, കഴിഞ്ഞ മാസമാണ് ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.