അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തിൽ വെച്ച് ഏറ്റവും വലിയ കൊള്ള നടന്നത് കഴിഞ്ഞ വർഷത്തെ മഹാകുംഭമേളയുടെ സമയത്താണെന്ന് അയോധ്യ പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ എട്ട് പ്രതികളിൽ ചിലർ ഇതിന് മുൻപും ക്ഷേത്രത്തിൽ ചെറിയ തോതിൽ മോഷണങ്ങൾ നടത്തിയിരുന്നു. കുംഭമേള നടന്ന സമയത്ത് ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും വലിയ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യം മുതലെടുത്താണ് പ്രതികൾ വൻ മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.
അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കർ യാദവ് (ടിന്നു യാദവ്) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എട്ടുപേർക്കും മോഷണത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽ അളിയന്മാരായ അനുകൽപ് മിശ്രയും ലവ്കുഷ് മിശ്രയും ചേർന്നാണ് ഏറ്റവും കൂടുതൽ പണം കവർന്നത്. ഈ പണം ഉപയോഗിച്ച് ഇരുവരും വലിയ തോതിൽ സ്വത്തുക്കൾ വാങ്ങി. ഇവരുമായി ബന്ധമുള്ള ആറിലധികം സ്വത്തുക്കൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാൻ അയോധ്യ പോലീസ് ആദായനികുതി വകുപ്പിന്റെ സഹായം തേടുകയാണ്. ഒപ്പം പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കത്തയക്കും.
ഈ വൻ കൊള്ളയിൽ എസ്.ബി.ഐ ജീവനക്കാരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണാനുള്ള ചുമതല എസ്.ബി.ഐയ്ക്കാണ്. ഇതിനായി ബാങ്ക് ഒരു സ്വകാര്യ ഏജൻസിയെയാണ് നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളിലെ പണം, ബാങ്കിലെ 11 ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് പേരും ഉൾപ്പെടെ 14 പേരടങ്ങുന്ന സംഘമാണ് എണ്ണാറുള്ളത്.
പ്രതിയായ അവിനാഷ് ശുക്ലയുടെ കൗശൽപുരിയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം പോലീസ് പിടിച്ചെടുത്തത്. നാല് പെട്ടികളിലാക്കി പുതപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പണം. അവിനാഷിന്റെ സഹോദരൻ അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള യോഗാ കേന്ദ്രമായിരുന്നു ഈ ഒളിത്താവളം. ജൂൺ അഞ്ചിനാണ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത ഒരു പെട്ടിയിൽ ‘രാമരാജ്യ കോഷ്’ എന്നും എഴുതിയിരുന്നു. മൂന്ന് ദിവസം മുൻപ് പ്രതികളുടെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായ ടിന്നു യാദവിന്റെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്.
ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയുടെ ഒരു താക്കോൽ ടിന്നു യാദവിന്റെ പക്കലും രണ്ടാമത്തെ താക്കോൽ ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. ബാങ്ക് ജീവനക്കാരുമായി ഒത്തുകളിച്ചാണ് പ്രതികൾ പണം തട്ടിയതെന്നും മോഷ്ടിച്ച തുക ടിന്നു യാദവും ബാങ്ക് ജീവനക്കാരും ചേർന്ന് വീതം വെയ്ക്കുകയായിരുന്നു എന്നുമാണ് പോലീസിന് ലഭിക്കുന്ന സൂചന.
പ്രതികളുടെ വീടുകളിൽ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തുവകകളുടെ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ഔദ്യോഗിക വരുമാനത്തേക്കാൾ വളരെ വലിയ തുകയുടെ ഇടപാടുകൾ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നതായി രേഖകളിൽ നിന്ന് വ്യക്തമായി. പ്രതിയായ അവിനാഷ് ശുക്ല നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഏറ്റവും വലിയ തുകയായ 89 ലക്ഷം രൂപ പോലീസ് കണ്ടെടുത്തത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രസ്റ്റ് സ്വന്തം നിലയിൽ ഈ പണം തിരികെ വാങ്ങിയിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.




