ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റെടുത്തതിനു പിന്നാലെ സെഞ്ചുറിയുമടിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കുറിച്ചത് അപൂര്‍വ നേട്ടം. ടെസ്‌റ്റില്‍ 7000 റണ്ണും 200 ലധികം വിക്കറ്റുമെടുക്കുന്ന മൂന്നാമത്തെ താരമാണു ബെന്‍ സ്‌റ്റോക്‌സ്.
വെസ്‌റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സ് (8032 റണ്ണും 235 വിക്കറ്റുകളും) ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (13,289 റണ്ണും 235 വിക്കറ്റുകളും) എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്‌റ്റോക്‌സ് ഇടംനേടിയത്. ഒരു ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റെടുക്കുകയും സെഞ്ചുറിയടിക്കുകയും ചെയ്യുന്ന അഞ്ചാമത്തെ നായകനാണു സ്‌റ്റോക്‌സ്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇംഗ്ലണ്ട് നായകനാണ്. 1983 ലെ ഇന്ത്യക്കെതിരേ നടന്ന ഫൈസലാബാദ് ടെസ്‌റ്റില്‍ പാക് നായകനായിരുന്ന ഇമ്രാന്‍ ഖാന്‍ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചുറിയും കുറിച്ചിരുന്നു.
പാകിസ്‌താന്റെ നായകനായിരുന്ന മുഷ്‌താഖ് മുഹമ്മദ് 1977 ല്‍ വെസ്‌റ്റിന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും കുറിച്ചിരുന്നു. വിന്‍ഡീസിന്റെ ഇതിഹാസ താരം ഗാരി സോബേഴ്‌സ് 1966 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ലീഡ്‌സ് ടെസ്‌റ്റിലാണ് ഈ നേട്ടം കുറിച്ചത്. വെസ്‌റ്റിന്‍ഡീസിന്റെ ആറ്റ്‌കിന്‍സണ്‍ 1955 ഓസ്‌ട്രേലിയയ്‌ക്കെതിരേ ബ്രിഡ്‌ജ്ടൗണില്‍ നടന്ന ടെസ്‌റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവും സെഞ്ചുറിയും കുറിച്ചിരുന്നു. 34 വയസുകാരനായ സ്‌റ്റോക്‌സിന്റെ 115-ാം ടെസ്‌റ്റാണിത്.
ഇന്നലെ താരത്തിന്റെ 14-ാം ടെസ്‌റ്റ് സെഞ്ചുറിയാണു പിറന്നത്. കരിയറില്‍ ഇതുവരെ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. ഇംഗ്ലണ്ടിനായി ഒരു ടെസ്‌റ്റില്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റുമെടുക്കുന്ന നാലാമത്തെ ഓള്‍റൗണ്ടര്‍ കൂടിയാണു സ്‌റ്റോക്‌സ്. ടോണി ഗ്രെഗ്, ഇയാന്‍ ബോതം, ഗസ് ആറ്റ്‌കിന്‍സണ്‍ എന്നിവരാണു മുന്‍ഗാമികള്‍. ബോതം ഒന്നിലധികം തവണ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 72 റണ്‍ വഴങ്ങിയാണു സ്‌റ്റോക്‌സ് അഞ്ച് വിക്കറ്റെടുത്തത്. സ്‌റ്റോക്‌സ് ബാറ്റിങ്ങിനിടെ പേശീവലിവ് മൂലം റിട്ടയേഡ് ഹര്‍ട്ടായിരുന്നു. ഇന്നലെ ക്രീസില്‍ തിരിച്ചെത്തിയാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.




