Crime Featured

3 വർഷം ഒപ്പം താമസിച്ചിട്ടും ശാരീരികബന്ധത്തിന് സമ്മതിച്ചില്ല… ‘ഭാര്യ’ പുരുഷൻ, കല്ലിനിടിച്ചു കൊന്ന് 20കാരന്‍!

ഗുജറാത്തിലെ രാജ്‌കോട്ടിൽ സ്ത്രീവേഷം ധരിച്ച് പ്രണയം നടിച്ച് വഞ്ചിച്ച യുവാവിനെ കാമുകൻ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരനായ പിയൂഷ് കുമാർ ഖാർവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് ചന്ദൻ കുമാർ എന്ന യുവാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 25-നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. റെയിൽവേ മതിലിന് സമീപം സ്ത്രീവേഷം ധരിച്ച നിലയിൽ ജീർണ്ണിച്ച ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ഇതൊരു അപകടമരണമാണെന്നാണ് കരുതിയതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഇതോടെയാണ് പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയത്.

ഫേസ്ബുക്കിൽ ‘നിഷ’ എന്നും ഇൻസ്റ്റഗ്രാമിൽ ‘പൂനം’ എന്നുമുള്ള വ്യാജ പേരുകളിലാണ് ചന്ദൻ കുമാർ പിയൂഷുമായി സൗഹൃദം സ്ഥാപിച്ചത്. ഈ അക്കൗണ്ടുകൾക്ക് പിന്നിൽ ഒരു പുരുഷനാണെന്ന കാര്യം പിയൂഷ് അറിഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ ബന്ധം ദൃഢമാക്കുകയും സ്ത്രീയെന്ന് വിശ്വസിപ്പിക്കുകയും ചെയ്ത ചന്ദൻ പിന്നീട് പിയൂഷിനൊപ്പം താമസം തുടങ്ങി. മൂന്ന് വർഷത്തോളം ഒന്നിച്ച് ജീവിച്ചിട്ടും ശാരീരിക ബന്ധങ്ങളിൽ നിന്ന് ഒഴിവാകാനായി മതപരമായ വ്രതങ്ങളെയാണ് ചന്ദൻ കാരണമായി പറഞ്ഞിരുന്നത്.

ചന്ദനെ സ്വന്തം ഭാര്യയായി കണക്കാക്കിയ പിയൂഷ് വിവാഹച്ചടങ്ങുകൾ നടത്തി സിന്ദൂരം വരെ അണിയിച്ചിരുന്നു. എന്നാൽ ഒരു ദിവസം ചന്ദൻ താടി ക്ഷൗരം ചെയ്യുന്നത് നേരിട്ട് കണ്ടതോടെയാണ് കൂടെയുള്ളത് സ്ത്രീയല്ല, പുരുഷനാണെന്ന യാഥാർത്ഥ്യം പിയൂഷ് തിരിച്ചറിയുന്നത്. ചതി മനസ്സിലാക്കിയതോടെ ഇരുവരും തമ്മിൽ നിരന്തരം വഴക്കുകളും തർക്കങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു.

പിയൂഷ് പോയ സ്ഥലങ്ങളിലെല്ലാം ചന്ദനും പിന്നാലെയെത്തി. ഒടുവിൽ രാജ്‌കോട്ടിൽ പിയൂഷ് ജോലി ചെയ്യുന്ന ഫാക്ടറിയിലുമെത്തി. ജൂൺ 21-ന് ജോലിസ്ഥലത്ത് വെച്ച് ഇരുവരും തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. ഇതിനുപിന്നാലെ പിയൂഷ് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും വലിയ കല്ലുകൾ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മൃതദേഹം പാറക്കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച പിയൂഷ് ഒന്നുമറിയാത്തതുപോലെ ജോലിയിൽ തുടർന്നു. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള പ്രണയം ലക്ഷ്യം വെച്ചാണ് ചന്ദൻ സ്ത്രീവേഷം കെട്ടി തന്നെ ചതിച്ചതെന്നാണ് പ്രതിയായ പിയൂഷ് പോലീസിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *