ബംഗളുരു: നഗരത്തിലെ ഒരു ഐടി സ്ഥാപനത്തിന്റെ കീഴിലുള്ള ഡേ കെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുട്ടികളെ വാഷിങ് മെഷീനിലിട്ട് അടയ്ക്കുന്നതിന്റെയും വായിലേക്ക് ടോയ്ലറ്റ് ജെറ്റ് സ്പ്രേയറിലൂടെ വെള്ളമടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണിത്.
ബ്രൂക്ക്ഫീല്‍ഡിലുള്ള ഐടി സ്ഥാപനത്തിന്റെ ഡേകെയര്‍ സെന്ററിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത നടന്നത്. ജോലിസമയത്ത് സ്വന്തം കുഞ്ഞുങ്ങളെ പരിചരിക്കാനായി ഈ ഐടി കമ്പനിയിലെ ജീവനക്കാര്‍ ആശ്രയിച്ചിരുന്നത് ഈ ഡേകെയറിനെയായിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയും സംഭവം ചൈല്‍ഡ് ഹെല്പ്പ്ലൈനില് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് കേസെടുത്തത്. കെയര്‍ടേക്കര്‍മാരുടെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി കുട്ടികള്‍ അലറിക്കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് പോലീസ് വ്യക്താമാക്കി.
രണ്ടും മൂന്നും വയസുമാത്രം പ്രായമുള്ള കുട്ടികള്‍ കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യുമ്പോള്‍ കെയര്‍ടേക്കര്‍മാര്‍ അവരെ ക്രൂരമായി ഭീഷണിപ്പെടുത്തുന്നതാണ് വീഡിയോയിലുള്ളത്. കരച്ചിൽ നിർത്താത്ത കുട്ടികളെ ഫ്രണ്ട്-ലോഡ് വാഷിങ് മെഷീനുള്ളിലിട്ട് അടയ്ക്കുക, വെസ്റ്റേണ്‍ ടോയ്ലറ്റില് നിര്‍ബന്ധിച്ച് ഇരുത്തുക, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ വായിലേക്ക് വെള്ളം ശക്തമായി അടിക്കുക, ബാത്ത്റൂമുകളില്‍ കൊണ്ടുപോയി പൂട്ടിയിടുക തുടങ്ങിയ ദാക്ഷിണ്യമില്ലാത്ത പ്രവർത്തികളാണ് ഇവർ ചെയ്തത്.
മിണ്ടാതിരിക്കാന്‍ കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതരമായ പരാതികളാണ് കെയര്ടേക്കര്മാര്ക്കെതിരേ ഉയർന്നിട്ടുള്ളത്. ഡേകെയര്‍ സെന്ററിലെ അഞ്ചു വനിതാ ജീവനക്കാര്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം ഊർജിതമായി നടന്നു വരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.




