മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനും നടി ലിസിയും വീണ്ടും ഒന്നിച്ചു താമസിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 1990-ൽ വിവാഹിതരായ ഇവർ 2016-ൽ വേർപിരിഞ്ഞിരുന്നു. എന്നാൽ ഇരുവരും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ സജീവമാണ്.
അടുത്തിടെ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾ ശക്തമായത്. പ്രിയനും ലിസിയും വീണ്ടും ഒരുമിച്ചു ജീവിക്കുന്നുവെന്ന സൂചനകൾക്ക് ഈ ചിത്രം ആക്കം കൂട്ടി.
ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചെത്തിയപ്പോൾ മുതൽ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടി വന്നതോടെ ഇരുവരും ഒന്നിച്ചു താമസിക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടുവെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നു.
തങ്ങൾ നിയമപരമായി വിവാഹിതരല്ലെങ്കിലും ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്ന് പ്രിയദർശൻ പ്രതികരിച്ചതായാണ് വിവരം. വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, തങ്ങൾ ഒരുമിച്ചാണ് കഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതായും മിഡ് ഡേയുടെ റിപ്പോർട്ടിൽ പറയുന്നു.




