ആലപ്പുഴ: തുമ്പോളിയിൽ റിട്ടയർഡ് അധ്യാപിക ഏലിയാമ്മ സെബാസ്റ്റ്യൻ (74) കൊല്ലപ്പെട്ട കേസിൽ അയൽവാസിയും ബന്ധുവുമായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെ (39) ആണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ഷുഹൈബ് കുറ്റക്കാരിയായി വിധിച്ചത്. ഇവർക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
2010 ഓഗസ്റ്റ് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനഡയിൽ നിന്ന് മടങ്ങിയെത്തി കുടുംബവീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന ഏലിയാമ്മയെ വൈകുന്നേരത്തോടെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവദിവസം വീട്ടുപറമ്പിൽ നാടോടികളെ കണ്ടതായി ഫ്രില്ലി പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ ഫ്രില്ലിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇവരെ നിരീക്ഷിക്കുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അന്ന് 23 വയസ്സായിരുന്ന ഫ്രില്ലിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുൾനിവർന്നത്.
ഏലിയാമ്മയുടെ ഭർത്താവും നാലു മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി അടുക്കളത്തിണ്ണയിലിരിക്കുകയായിരുന്ന ഏലിയാമ്മയെ സ്നേഹം നടിച്ച് ഫ്രില്ലി വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് മുഖത്ത് മുളകുപൊടിയെറിഞ്ഞ് തള്ളിയിട്ട ശേഷം മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഇരു കൈത്തണ്ടകളും കഴുത്തും മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഏലിയാമ്മയുടെ സ്വർണ്ണമാലയും വളകളും കവർന്ന ഫ്രില്ലി ഇവ പണയം വെച്ച് പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി. വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് സി.ബി.സി.ഐ.ഡി. ഇൻസ്പെക്ടർ എ. നസീറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. വിധി കേൾക്കുന്നതിനായി ഇന്ന് വീണ്ടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.പി. ഗീത, എൻ.ബി. ഷാരി എന്നിവരും സഹായികളായി പോലീസ് ഉദ്യോഗസ്ഥരും ഹാജരായി.




