വിവാഹത്തെക്കുറിച്ചുള്ള തർക്കത്തിനിടെ യുവതിയെ ബൈക്കിൽ നൂറുമീറ്ററോളം വലിച്ചിഴച്ച് യുവാവ്. ബിഹാറിലെ നളന്ദ ജില്ലയിലുള്ള രാജ്ഗീർ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. ക്രൂരതയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നവാഡ സ്വദേശിയായ അമീനും യുവതിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കാമുകനെ കാണാനായി യുവതി വിളിച്ചുവരുത്തിയപ്പോഴാണ് തർക്കങ്ങൾക്ക് തുടക്കമായത്. സംസാരത്തിനിടയിൽ യുവതി വിവാഹക്കാര്യം ചോദിച്ചെങ്കിലും അമീൻ അതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ഇതോടെ സ്ഥലത്തുനിന്ന് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞു. വണ്ടിയിൽ പിടിച്ചുനിന്ന യുവതിയെ കാര്യമാക്കാതെ ഇയാൾ ബൈക്ക് മുന്നോട്ടെടുത്തതോടെ, യുവതി ബൈക്കിൽ തൂങ്ങിപ്പിടിച്ച നിലയിൽ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു.
തുടർന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. അപകടം കണ്ടുനിന്ന നാട്ടുകാർ ഉടൻതന്നെ ഓടിയെത്തി ഇരുവർക്കും രക്ഷകരായി. സംഭവത്തിൽ പ്രകോപിതരായ ചിലർ യുവാവിനെ കൈകാര്യം ചെയ്യുകയും ചെയ്തു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നദീർഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




