Crime

പ്ലാസ്റ്റിക് ഡ്രമ്മില്‍ പഴകിയ ടൂത്ത് പേസ്റ്റ്; വില്‍പന പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍; വന്‍സംഘം പിടിയില്‍

ഡൽഹിയിലെ ദ്വാരകയിൽ കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും വ്യാജ ടൂത്ത്പേസ്റ്റുകളും വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒട്ടേറെ ഉൽപ്പന്നങ്ങളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ വിൽക്കാൻ തയാറാക്കിയ വ്യാജ ടൂത്ത്പേസ്റ്റുകൾ വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 29-ന് ബാംനോളി ഗ്രാമത്തിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തായത്. പ്രമുഖ കമ്പനികളുടെ കാലാവധി കഴിഞ്ഞ പാനീയങ്ങളും ബിസ്ക്കറ്റുകളും പുതിയ ബാച്ച് നമ്പറും തീയതിയും പതിപ്പിച്ച് വീണ്ടും വിപണിയിലെത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. സംഭവത്തിൽ ശിവം സിങ്, ലോകേഷ് കുമാർ എന്നിവരെയും തുടർന്ന് ഗോഡൗൺ ഉടമ കമൽ മുഡ്ഗിലിനെയും പോലീസ് അറസ്റ്റ് ചെയ്തു.

കഞ്ജാവാലയിൽ നടത്തിയ മറ്റൊരു പരിശോധനയിലാണ് പ്രമുഖ ബ്രാൻഡായ സെൻസൊഡൈന്റെ പേരിൽ വ്യാജ ടൂത്ത്പേസ്റ്റ് നിർമ്മിക്കുന്ന സംഘം കുടുങ്ങിയത്. പ്ലാസ്റ്റിക് ഡ്രമ്മുകളിൽ നിറച്ച നിലയിലായിരുന്ന പേസ്റ്റ് ട്യൂബുകളിൽ നിറയ്ക്കാനും ലേബൽ ഒട്ടിക്കാനും പ്രത്യേക യന്ത്രസംവിധാനങ്ങളും അവിടെയുണ്ടായിരുന്നു. കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡിന് പിന്നാലെ എഫ്.എസ്.എസ്.എ.ഐ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.